വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ഇന്ദോറില്‍ അധികൃതര്‍ 80 ഓളം മുസ്‌ലിം വീടുകള്‍ തകര്‍ത്തു

ആക്രമണത്തിന് റാലിയുമായി വന്നവരെ തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകള്‍ കൊണ്ട് അടച്ചാണ് ഇന്ദോര്‍ ജില്ലയിലെ ചന്ദേന്‍ഖഡി ഗ്രാമത്തില്‍ വന്‍ പോലിസ് സന്നാഹത്തിന്റെ കാവലില്‍ വീടുകള്‍ ഇടിച്ചുനിരത്തിയത്.

Update: 2021-01-03 01:02 GMT

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടിയുള്ള പണപ്പിരിവിന്റെ മറവില്‍ മധ്യപ്രദേശിലെ മുസ്‌ലിം ന്യൂനപക്ഷ മേഖലകളില്‍ ഹിന്ദുത്വര്‍ ആകമണം നടത്തിയതിനു പിന്നാലെ ഇന്ദോറില്‍ സര്‍ക്കാറും മുനിസിപ്പല്‍ അധികൃതരും 80 ഓളം മുസ്‌ലിം വീടുകള്‍ ഭാഗികമായി തകര്‍ത്തു.ബുള്‍ഡോസറുകള്‍കൊണ്ട് വന്ന് വീടുകള്‍ തകര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് റാലിയുമായി വന്നവരെ തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകള്‍ കൊണ്ട് അടച്ചാണ് ഇന്ദോര്‍ ജില്ലയിലെ ചന്ദേന്‍ഖഡി ഗ്രാമത്തില്‍ വന്‍ പോലിസ് സന്നാഹത്തിന്റെ കാവലില്‍ വീടുകള്‍ ഇടിച്ചുനിരത്തിയത്.

രാമക്ഷേത്ര പിരിവിനുള്ള റാലിയുടെ മറവില്‍ മുസ്‌ലിംകള്‍ താമസിക്കുന്ന ചന്ദേന്‍ഖഡി ഗ്രാമത്തിലേക്ക് വര്‍ഗീയ കലാപ നീക്കവുമായി എത്തിയ ഹിന്ദുത്വ സംഘത്തെ ഗ്രാമവാസികള്‍ കഴിഞ്ഞ ദിവസം ചെറുത്തിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് അധികൃതരും പോലിസും വീടുകള്‍ പൊളിക്കാനെത്തിയത്. പള്ളിക്ക് മുന്നില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് മുദ്രാവാക്യം വിളിച്ചവരോട് ഗ്രാമവാസികള്‍ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതോടെ ആക്രമണം തുടങ്ങുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ആക്രമണത്തിന് വന്നവരെ തടഞ്ഞ ഗ്രാമവാസികളെ പിടികൂടുകയും പലര്‍ക്കുമെതിരെ വിവാദ ദേശസുരക്ഷ നിയമം ചുമത്തുകയും ചെയ്തു. ഗ്രാമത്തില്‍ റെയ്ഡ് തുടരുന്നതിനാല്‍ പലരും ഒളിവിലാണ്. വീടുകള്‍ തകര്‍ക്കാന്‍ ഏഴ് ബുള്‍ഡോസറുകള്‍ അധികൃതര്‍ കൊണ്ടുവന്നതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടിച്ചുനിരത്തല്‍ തുടങ്ങിയ ബുധനാഴ്ച വൈകീട്ടുതന്നെ അഞ്ച് വീടുകള്‍ തകര്‍ത്തതായി അവര്‍ പറഞ്ഞു.

റോഡ് കയ്യേറി നിര്‍മിച്ച വീടുകളാണ് പൊളിച്ചുമാറ്റിയതെന്നാണ് അധികൃതരുടെ ന്യായീകരണം. എന്നാല്‍, വര്‍ഗീയ ആക്രമണ നീക്കം ചെറുത്തതാണ് യഥാര്‍ഥ കാരണമെന്നും തൊട്ടടുത്ത ഗ്രാമത്തില്‍ സമാനമായ തരത്തില്‍ പണിത വീടുകളൊന്നും അധികൃതര്‍ പൊളിച്ചുനീക്കിയിട്ടില്ലെന്നും ചന്ദേന്‍ഖഡിയിലുള്ളവര്‍ ചൂണ്ടിക്കാട്ടി. ഭീതി കാരണം പേര് പറയരുതെന്ന ഉപാധിയോടെയാണ് ഗ്രാമവാസികള്‍ മാധ്യമങ്ങളോട് സംസാരിച്ചത്. നേരത്തേ ബീഗംബാഗി ഗ്രാമത്തിലും ഡിസംബര്‍ 26ന് റാലി തടഞ്ഞതിന് പ്രതികാരമായി വീട് തകര്‍ത്ത സംഭവം അവര്‍ ഉദാഹരിച്ചു.

അതേസമയം, റാലികളും ആക്രമണങ്ങളും വീടു തകര്‍ക്കലും ഒടുവില്‍ ഇരകള്‍ക്കെതിരെ പൊലീസ് കേസെടുത്തതും സര്‍ക്കാറിന്റെ സഹായത്തോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണെന്ന് ഇന്ദോറിലെ പ്രമുഖ മുസ്‌ലിം നേതാവ് അബ്ദുര്‍റഊഫ് ആരോപിച്ചു.

Tags:    

Similar News