എഴുത്തുകാരന്‍ ഷംസുല്‍ ഇസ്‌ലാമിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് ഓഡിറ്റോറിയം അധികൃതര്‍; സര്‍ക്കാര്‍ ഉത്തരവെന്ന് വിശദീകരണം

Update: 2022-03-26 13:47 GMT

ഭോപാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വിരമിച്ച ഡല്‍ഹി സര്‍വകലാശാലാ പ്രഫസറും പ്രശസ്ത എഴുത്തുകാരനുമായ ഷംസുല്‍ ഇസ്‌ലാം പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന പരിപാടിക്ക് സ്ഥലം വിട്ടുനല്‍കാന്‍ വിസമ്മതിച്ച് ഓഡിറ്റോറിയം അധികൃതര്‍. സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഓഡിറ്റോറിയം വിട്ടുനല്‍കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചത്. സംവാദ രിപാടി നടക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് കാണിച്ച് ജല്‍ ഓഡിറ്റോറിയം നടത്തുന്ന ടെക്‌സ്റ്റൈല്‍ ഡെവലപ്പ്‌മെന്റ് ട്രസ്റ്റ് പരിപാടിക്ക് സ്ഥലം വിട്ടുനല്‍കുന്നതില്‍ നിന്ന് പിന്‍മാറിയത്. വെള്ളിയാഴ്ച സംഘാടകര്‍ വീണ്ടും പരിപാടിക്ക് അനുമതി തേടി.

എന്നാല്‍, 'ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍' പരിപാടി നടത്താന്‍ അനുവദിക്കാനാവില്ലെന്ന് ഓഡിറ്റോറിയം ഉടമ മറുപടി നല്‍കി. സുപ്രിംകോടതി അഭിഭാഷകന്‍ എഹ്‌തേഷാം ഹാഷ്മിയുടെയും കോണ്‍ഗ്രസ് വക്താവ് അമീനുല്‍ സൂരിയുടെയും സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, എഴുത്തുകാരന്‍ അശോക് പാണ്ഡെ, മോട്ടിവേഷണല്‍ സ്പീക്കര്‍ നസീര്‍ ഖാന്‍ എന്നിവരടക്കം പ്രമുഖര്‍ ങ്കെടുക്കാനിരുന്ന ചടങ്ങാണ് മാറ്റിവച്ചത്.

പരിപാടി ഇവിടെ നടത്താന്‍ അനുവദിക്കരുതെന്ന് ഭരണകൂടത്തില്‍ നിന്ന് വിവരം ലഭിച്ചതായി ടെക്‌സ്‌റ്റൈല്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ് സെക്രട്ടറി എം സി റാവത്ത് എന്‍ഡിടിവിയോട് പറഞ്ഞു. അനുമതി നിഷേധിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് റാവത്ത് തന്റെ മേശയില്‍ തട്ടി പറഞ്ഞതാണ് ഇങ്ങനെയാണ്- 'പരിപാടി അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞു, നാളെ, ഈ മേശ ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍, ഞാന്‍ അത് നല്‍കേണ്ടിവരും.' മതസൗഹാര്‍ദത്തിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യത്തുടനീളം സംസാരിച്ച് കൊണ്ടിരിക്കുകയാണ് താനെന്ന് ഷംസുല്‍ ഇസ്‌ലാം പറഞ്ഞു.

'ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ശ്രീകൃഷ്ണനെക്കുറിച്ചുള്ള മൗലാനാ ഹസ്‌റത്ത് മോഹനിയുടെ ഗാനം ആലപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇത് ഭോപാലില്‍ 20 സ്ഥലങ്ങളില്‍ ആലപിച്ചു, ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.

പക്ഷേ, ഞാന്‍ ഇത് നിര്‍ത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു,' ഇസ്‌ലാം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസറായിരുന്നു അദ്ദേഹം. മതഭ്രാന്ത്, ഏകാധിപത്യം, സ്ത്രീകള്‍ക്കെതിരായ പീഡനം എന്നിവക്കെതിരെയും മറ്റ് പ്രശ്‌നങ്ങള്‍ക്കെതിരെയും അദ്ദേഹം എഴുതാറുണ്ട്. 'ദേശീയതയുടെ ഉയര്‍ച്ചയെയും ഇന്ത്യയിലും ലോകമെമ്പാടുമുള്ള അതിന്റെ വികാസത്തെയും കുറിച്ച്' താന്‍ അടിസ്ഥാന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News