മഹാരാഷ്ട്രയില്‍ ഏഴും ജയ്പൂരില്‍ ഒമ്പതും ഒമിക്രോണ്‍ കേസുകള്‍ കൂടി; രാജ്യത്ത് ആകെ രോഗികള്‍ 21 ആയി
മുംബൈ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്നു. ഇന്ന് മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കും ജയ്പൂരില്‍ ഒമ്പതുപേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കും കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം 21 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പൂനെയില്‍നിന്നും ആറുപേര്‍ പിംപരി ചിഞ്ച്‌വാഡില്‍നിന്നുമുള്ളവരാണ്.
മൂന്ന് പേര്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ശനിയാഴ്ചയാണ് മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബയ്- ഡല്‍ഹി വഴി മുംബൈയിലെത്തിയ 33കാരനിലാണ് ആദ്യം ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ സംശയിക്കുന്നവരുടെ എണ്ണം മൂപ്പത്തിലേറെയുണ്ടെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പട്ടികയിലുള്ളവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍. കൂടുതല്‍ ഫലങ്ങള്‍ ഇനിയും വരാനുണ്ട്. ആദ്യമായാണ് രാജസ്ഥാനിലെ ജയ്പൂരില്‍ ഒമ്പതുപേര്‍ക്ക് ഇന്ന് ഒമിക്രോണ്‍ കണ്ടെത്തുന്നത്.
ജയ്പൂരിലെ ഒമ്പത് രോഗികളും ഒരേ കുടുംബത്തില്‍നിന്നുള്ളവരാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയവരാണ്. ടാന്‍സാനിയയില്‍നിന്ന് ഡല്‍ഹിയിലെത്തിയ 37 കാരനാണ് ഒമിക്‌റോണ്‍ പോസിറ്റീവ് ആയത്. അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടും. രാജ്യത്ത് കര്‍ണാടകയിലാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. 46കാരനായ ഡോക്ടര്‍ക്കും 66 വയസ്സുകാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനുമായിരുന്നു ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു.

