കബഡി ലോകകിരീടം ഇന്ത്യന്‍ വനിതകള്‍ക്ക്; ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്തു
ധാക്ക: ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കബഡി ലോകകിരീടം നേടി. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചൈനീസ് തായ്പേയിയെ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോം നിലനിര്‍ത്തിയ ഇന്ത്യ, ഒരു മത്സരവും തോല്‍ക്കാതെയാണ് ഫൈനലിലും തുടര്‍ന്ന് കിരീടനേട്ടത്തിലുമെത്തിയത്.
സെമി ഫൈനലില്‍ ഇറാനെ 33-21ന് പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. മറുവശത്ത് ചൈനീസ് തായ്പേയും ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാതെയാണ് മുന്നേറിയത്. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18ന് മറികടന്ന് ഫൈനലിലെത്തി.