ഇന്ത്യന്‍ ഉപ്പുകളില്‍ മാരകവിഷമെന്ന് റിപോര്‍ട്ട്

Update: 2019-06-28 09:06 GMT

മുംബൈ: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ അയഡിന്‍ ഉപ്പുകളില്‍ മാരകമായ വിഷമെന്ന് യുഎസ് ലാബ് റിപോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമായ തോതില്‍ വിഷപദാര്‍ഥങ്ങളായ കാര്‍സിനോജെനിക്കിന്റെയും പൊട്ടാസ്യം ഫെറെസൈനേഡിന്റെയും അമിതമായ സാന്നിധ്യമാണ് ഈ ഉപ്പുകളില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, റിപോര്‍ട്ടില്‍ പേരു പരാമര്‍ശിച്ച ടാറ്റ ഉപ്പ് റിപോര്‍ട്ടിനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ വെസ്റ്റ് അനലിറ്റിക്കല്‍ ലബോറട്ടറീസാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ ഉപ്പുകളില്‍ മാരകവിഷങ്ങള്‍ അടങ്ങിയെന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.അമേരിക്കന്‍ വെസ്റ്റ് അനലിക്കല്‍ ലാബോറട്ടറീസിന്റെ പരിശോധനാ ഫലം സാമൂഹികപ്രവര്‍ത്തകനും ഗോദം ഗ്രെയ്ന്‍സ് ആന്‍ഡ് ഫാം പ്രൊഡക്ടിന്റെ ചെയര്‍മാനുമായ ശിവശങ്കര്‍ ഗുപ്തയാണ് പുറത്തുവിട്ടത്.

ശുദ്ധമായ ഉപ്പ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ തലവനാണ് ഇദ്ദേഹം. ഈ സംഘടനയുടെ താല്‍പ്പര്യപ്രകാരമാണ് ഉപ്പുകളെ സംബന്ധിച്ചുള്ള പഠനത്തിനായി അമേരിക്കന്‍ വെസ്റ്റ് അനലിറ്റിക്കല്‍ ലബോറട്ടറീസ് തയ്യാറായത്.

ഉപ്പുകളില്‍ സാധാരണയായി കാണുന്ന അയഡിന്‍ അംശങ്ങളെ വീണ്ടും കൂടിയ അളവില്‍ കമ്പനികള്‍ നല്‍കുന്നതിലൂടെ മാരകരോഗങ്ങളായ കാന്‍സര്‍, ഹൈപര്‍തൈറോയ്ഡിസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വന്ധ്യത, അമിതവണ്ണം, വൃക്കരോഗങ്ങള്‍ എന്നിവ ബാധിക്കുന്നു- ഗുപ്ത പറയുന്നു. അയഡിന്‍ ചേര്‍ത്ത ഉപ്പുകള്‍ നിര്‍മിക്കുന്ന വന്‍കിട കമ്പനികളെ പ്രോല്‍സാഹിപ്പിച്ചതിലൂടെ ഇന്ത്യയിലെ പരമ്പരാഗത ഉപ്പുവ്യവസായത്തെ സര്‍ക്കാരുകള്‍ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ കച്ച്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പരമ്പരാഗത ഉപ്പു കര്‍ഷകരെ സംരക്ഷിക്കുന്നതിനായാണ് ഗുപ്തയുടെ നേതൃതത്തിലുള്ള സംഘം ഇത്തരമൊരു ഉദ്യമത്തിന് തുനിഞ്ഞിറങ്ങിയത്. നിലവില്‍ ഈ മേഖലയില്‍ നിന്നാണ് വന്‍കിട കമ്പനികള്‍ ഉപ്പ് ശേഖരിക്കുന്നത് എന്നാല്‍ ഇവര്‍ക്ക് സംഭരണവിലയായി തുച്ഛമായ തുകമാത്രമാണ് നല്‍കുന്നത്. പിന്നീട് രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് വന്‍വിലയ്ക്കാണ് ഉപ്പ് വില്‍ക്കുന്നത്. ഇതിനെതിരേ അധികാരികള്‍ കണ്ണ് തുറക്കണമെന്നും ജനങ്ങള്‍ക്ക് ഇത്തരം മാരകവിഷങ്ങള്‍ അടങ്ങിയ ഉപ്പ് നല്‍കുന്നത് നിയന്ത്രിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

യുഎസ് പരിശോധനാ ഫലം സംബന്ധിച്ച വാര്‍ത്തകളെത്തുടര്‍ന്ന് ടാറ്റാ സാള്‍ട്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പൊട്ടാസ്യം ഫെറോസൈനൈഡ് ചേര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ നിഷേധിച്ചിട്ടില്ല. ഇന്ത്യ, യുഎസ്, ആസ്‌ത്രേലിയ, യൂറോപ്യന്‍ യൂനിയന്‍, ന്യൂസിലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങള്‍ ഉപ്പില്‍ പൊട്ടാസ്യം ഫെറോസൈനൈഡ് ചേര്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും കിലോയില്‍10 എംജി വരെ ഇന്ത്യയില്‍ അനുവദനീയമാണെന്നുമാണ് വിശദീകരണത്തില്‍ ടാറ്റയുടെ വാദം.



Similar News