കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഖത്തര്‍ ഊര്‍ജ്ജ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Update: 2026-04-10 12:08 GMT

ദോഹയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഖത്തര്‍ ഊര്‍ജ്ജ സഹമന്ത്രിയും സിഇഒയുമായ സാദ് ഷെരിദ അല്‍-കാബിയുമായി കൂടിക്കാഴ്ച നടത്തി.

'ഉന്നതതല ഇടപെടലുകള്‍, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തു; മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം തിരിച്ചുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കാത്തിരിക്കുന്നു,'' പുരി എക്സില്‍ എഴുതി.

ദോഹ വിശ്വസനീയമായ ഒരു ഊര്‍ജ്ജ വിതരണക്കാരനായി തുടരുമെന്നും ഇന്ത്യയുമായുള്ള ഊര്‍ജ്ജ ബന്ധങ്ങളും സഹകരണവും തുടരാനും ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നു'' എന്നും ഖത്തര്‍ മന്ത്രി അറിയിച്ചു.

രാജ്യത്ത് പാചകവാതക വിതരണം സ്തംഭനാവസ്ഥയിലായ പശ്ചാത്തലത്തിലാണ് ഹര്‍ദീപ് സിങ് പുരിയുടെ ഖത്തര്‍ സന്ദര്‍ശനം. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഖത്തറിലെ ഊര്‍ജ നിലയങ്ങള്‍ക്കുണ്ടായ ആഘാതം ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി, എല്‍പിജി ഇറക്കുമതിയെ സാരമായി ബാധിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ വിതരണ ശൃംഖല പുനഃസ്ഥാപിക്കാനുള്ള അടിയന്തര ചര്‍ച്ചകള്‍ക്കാണ് മന്ത്രി നേതൃത്വം നല്‍കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ വെല്ലുവിളികള്‍ക്കിടയിലും 15,400 ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പലായ 'ഗ്രീന്‍ ആശ' മുംബൈയിലെ ജെഎന്‍പിഎ തുറമുഖത്ത് സുരക്ഷിതമായി എത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി.

പശ്ചിമേഷ്യന്‍ പ്രതിസന്ധി ആരംഭിച്ച ശേഷം ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലെത്തുന്ന ആദ്യ എല്‍പിജി കപ്പലാണിത്. ഇന്ത്യയുടെ ആകെ എല്‍എന്‍ജി ഇറക്കുമതിയുടെ 45 ശതമാനവും ഖത്തറില്‍ നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇറക്കുമതി ചെയ്ത 27 ദശലക്ഷം ടണ്ണില്‍ 11.2 ദശലക്ഷവും ഖത്തര്‍ വിഹിതമായിരുന്നു.

വിതരണത്തിലെ കുറവ് പരിഗണിച്ച് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് കണക്ഷനുകളിലേക്ക് മാറാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന നടപടികളും ഊര്‍ജിതമാക്കി.

ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ നഗരത്തിലുണ്ടായ ആക്രമണങ്ങള്‍ ഉല്‍പാദനത്തെ ബാധിച്ചതിനാല്‍ 'ഫോഴ്‌സ് മജ്യൂര്‍' പ്രഖ്യാപിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ നിലനില്‍ക്കുന്ന രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രയോജനപ്പെടുത്തി പരമാവധി എല്‍പിജി സ്റ്റോക്ക് എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം.

സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തുന്ന മന്ത്രി രാജ്യത്തെ എല്‍പിജി വിതരണത്തിലെ പുതിയ ക്രമീകരണങ്ങളെക്കുറിച്ച് വിശദമായ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: