കുല്‍ഭൂഷന്‍ ജാദവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചു

നയതന്ത്ര സഹായം നല്‍കാമെന്ന പാക് വാഗ്ദാനം സ്വീകരിച്ചാണ് ഗൗരവ് അലുവാലിയ കുല്‍ഭൂഷന്‍ ജാദവിനെ കണ്ടത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത്.

Update: 2019-09-02 11:15 GMT

ഇസ്‌ലാമാബാദ്: ചാരവൃത്തിക്കേസില്‍ പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക സേന കമാന്‍ഡര്‍ കുല്‍ഭൂഷന്‍ ജാദവുമായി ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണര്‍ ഗൗരവ് അലുവാലിയ കൂടിക്കാഴ്ച നടത്തി. നയതന്ത്ര സഹായം നല്‍കാമെന്ന പാക് വാഗ്ദാനം സ്വീകരിച്ചാണ് ഗൗരവ് അലുവാലിയ കുല്‍ഭൂഷന്‍ ജാദവിനെ കണ്ടത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത്.

പാക് വിദേശമന്ത്രാലയത്തില്‍ വെച്ചാണ് കുല്‍ഭൂഷന്‍ ജാദവിനെ കണ്ടത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തി പാക് നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ടതിന് ശേഷമാണ് കൂടിക്കാഴ്ച്ച ആരംഭിച്ചത്.

വിയന്ന ഉടമ്പടിയിലെ നയതന്ത്രതല ബന്ധങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുമനുസരിച്ചാണ് പാക് നയതന്ത്ര സഹായം വാഗ്ദാനം ചെയ്തത്. വിദേശ രാജ്യങ്ങളില്‍ അറസ്റ്റിലാവുന്ന പൗരന്‍മാര്‍ക്ക് സ്വന്തം രാജ്യത്തെ നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെടാനും നിയമ സഹായം തേടാനും 1963 വിയന്ന ഉടമ്പടി അനുവാദം നല്‍കുന്നുണ്ടെങ്കിലും കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കാന്‍ പാകിസ്താന്‍ തയാറായിരുന്നില്ല.

തേജസ് ന്യൂസ് യൂറ്റിയൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കാര്യം ചൂണ്ടിക്കാട്ടി എട്ടിന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയുടെ വാദം അംഗീകരിച്ച കോടതി 2017 മേയ് 18ന് കുല്‍ഭൂഷന്റെ വധശിക്ഷ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന് നയതന്ത്ര സഹായം നല്‍കാന്‍ പാകിസ്താന്‍ തയാറാവണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ പാകിസ്താന്‍ അനുമതി നല്‍കിയെങ്കിലും പാക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണം കൂടിക്കാഴ്ചയെന്ന വ്യവസ്ഥ ഇന്ത്യ നിരാകരിക്കുകയായിരുന്നു.

പാകിസ്ഥാന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി നയതന്ത്ര സഹായം സാധ്യമാക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയതിനു പിന്നാലെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12ന്് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷന്‍ ജാദവിനെ കാണാമെന്ന് പാകിസ്താന്‍ അറിയിക്കുകയായിരുന്നു.

കൂടിക്കാഴ്ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. 2016ലാണ് കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യക്കു വേണ്ടി ബലൂചിസ്താനില്‍ സായുധ പ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ചായിരുന്നു കുല്‍ഭൂഷനെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News