വിമാന യാത്രികന്റെ ലഗേജില്‍നിന്ന് രണ്ട് മാങ്ങകള്‍ മോഷ്ടിച്ചു; ഇന്ത്യക്കാരനു ദുബയില്‍ ജോലി നഷ്ടമായി; ഒരുലക്ഷം രൂപ പിഴയും

ആറു ദിര്‍ഹം(115 ഇന്ത്യന്‍ രൂപ) വിലയുള്ള രണ്ടു മാങ്ങകള്‍ മോഷ്ടിച്ചതിനാണ് ജോലിയില്‍ നിന്നു പിരിച്ചുവിടാനും നാടുകടത്താനും 5000 ദിര്‍ഹം(ഏകദേശം 96,450 ഇന്ത്യന്‍ രൂപ) പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചത്

Update: 2019-09-24 07:11 GMT
പ്രതീകാത്മക ചിത്രം

ദുബയ്: യാത്രക്കാരന്റെ ലഗേജില്‍നിന്ന് രണ്ട് മാങ്ങകള്‍ മോഷ്ടിച്ചതിനു ഇന്ത്യക്കാരന് ദുബയ് വിമാനത്താവളത്തിലെ ജോലി നഷ്ടപ്പെട്ടു. ആറു ദിര്‍ഹം(115 ഇന്ത്യന്‍ രൂപ) വിലയുള്ള രണ്ടു മാങ്ങകള്‍ മോഷ്ടിച്ചതിനാണ് ജോലിയില്‍ നിന്നു പിരിച്ചുവിടാനും നാടുകടത്താനും 5000 ദിര്‍ഹം(ഏകദേശം 96,450 ഇന്ത്യന്‍ രൂപ) പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചത്. 2017 ആഗസ്ത് 11നു ഖലീജ് ടൈംസ് നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ തുടങ്ങിയത്. 27കാരനായ ഇന്ത്യക്കാരനെതിരേ തിങ്കളാഴ്ചയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദുബയ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ജീവനക്കാരനാണ് നടപടിക്കിരയായത്. യാത്രക്കാരുടെ ലഗേജുകള്‍ കണ്ടയ്‌നറില്‍നിന്നു കണ്‍വെയര്‍ ബെല്‍റ്റിലേക്കും മറ്റും എത്തിക്കുകയാണ് ഇദ്ദേഹത്തിന്റെ ജോലി.

    ദാഹം കാരണം വെള്ളം അന്വേഷിക്കുന്നതിനിടെ ഇന്ത്യയിലേക്ക് അയയ്‌ക്കേണ്ട ഒരു ഫ്രൂട്ട് ബോക്‌സില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചതായി ഇദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു. 2018 ഏപ്രിലില്‍ പോലിസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും മോഷ്ടിച്ച വസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. യാത്രക്കാരന്റെ ലഗേജില്‍നിന്നു മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നതായി സുരക്ഷാജീവനക്കാരന്‍ വ്യക്തമാക്കിയിരുന്നു. ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരന് 15 ദിവസത്തിനുള്ളില്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സൗകര്യമുണ്ട്.





Tags:    

Similar News