സൗദിയില്‍ മദ്യക്കടത്തു സംഘവും പോലിസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
റാഞ്ചി: സൗദി പോലിസും മദ്യക്കടത്തുകാരെന്ന് സംശയിക്കുന്നവരും തമ്മിലുണ്ടായ വെടിവെപ്പില്‍പ്പെട്ട് ജാര്‍ഘണ്ഡ് സ്വദേശിയായ 27-കാരന്‍ സൗദി അറേബ്യയില്‍ കൊല്ലപ്പെട്ടു. ഗിരിഡി ജില്ലയിലെ ദുധാപനിയ ഗ്രാമവാസിയായ വിജയ് കുമാര്‍ മഹ്തോയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയില്‍ ടവര്‍ ലൈന്‍ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
ഹ്യുണ്ടായ് എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന വിജയ്, കമ്പനിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ജോലി സ്ഥലത്ത് നിന്ന് സാധനങ്ങള്‍ എടുക്കാന്‍ പോയ സമയത്ത്, കള്ളക്കടത്ത് വിരുദ്ധ ഓപ്പറേഷനിടെ പ്രാദേശിക പോലിസ് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുകൂടി കടന്നുപോവുകയായിരുന്ന വിജയ് മഹ്തോയ്ക്ക് അബദ്ധത്തില്‍ പോലിസിന്റെ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ നിലയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ 24-ന് മരണത്തിന് കീഴടങ്ങി.
വെടിവെപ്പില്‍ തനിക്ക് പരിക്കേറ്റുവെന്ന് കാണിച്ച് വിജയ് ഭാര്യയ്ക്ക് വാട്സ്ആപ്പില്‍ ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. പരിക്കേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടുവെന്നാണ് കുടുംബം ആദ്യം കരുതിയിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അനധികൃത മദ്യവ്യാപാരവുമായി ബന്ധമുള്ള ഒരു കൊള്ളസംഘവും ജിദ്ദ പോലിസും തമ്മിലാണ് വെടിപ്പുണ്ടായത്.