ട്രംപ് അനുകൂലികളുടെ ആക്രമണത്തിനിടെ ഇന്ത്യന്‍ പതാകയും; നാണക്കേടെന്ന് സോഷ്യല്‍ മീഡിയ

ട്രംപ് അനുകൂലികളുടെ ആക്രമണത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യന്‍ പതാകയേന്തിയ സമരാനുകൂലികളുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

Update: 2021-01-07 09:19 GMT

ന്യൂഡല്‍ഹി: വാഷിങ്ടണിലെ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിനിടെ ഇന്ത്യന്‍ പതാകയും. കാപിറ്റോളിന്റെ മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളിലാണ് ഇന്ത്യന്‍ പതാകയേന്തിയ ട്രംപ് അനുകൂലികളെ കാണുന്നത്. ജനാധിപത്യത്തിനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്നവര്‍ ഇന്ത്യന്‍ പതാകയേന്തിയതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യക്ക് തന്നെ നാണക്കേടാണ് ഈ സംഭവമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.

ട്രംപ് അനുകൂലികളുടെ ആക്രമണത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യന്‍ പതാകയേന്തിയ സമരാനുകൂലികളുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

അതേസമയം, വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ ഏറെ വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി മോദി പ്രതികരിച്ചു. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ല, ചിട്ടയോടും സമാധാനപരമായും അധികാര കൈമാറ്റം നടത്തണമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

വാഷിങ്ടണില്‍ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമാവുകയായിരുന്നു. ക്യാപിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടി. ഇതുവരെ നാല് മരണമാണ് സംഭവത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു.

അക്രമത്തില്‍ ട്രംപിനെതിരേ ലോക വ്യാപക പ്രതിഷേധം ശക്തമാകുകയാണ്. ട്രംപിന്റെ ഫേസ്ബുക്, ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചു. ഈ സാഹചര്യത്തിലാണ്, അക്രമ സംഭവങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നിരിക്കുന്നത്.

സംഭവത്തില്‍ നൂറുകണക്കിന് പേരെ വാഷിങ്ടണ്‍ പോലിസ് അറസ്റ്റ് ചെയ്തു. കര്‍ഫ്യൂ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് ഇതില്‍ 47 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ നാലു പേര്‍ ലൈസന്‍സില്ലാതെ തോക്കുകള്‍ കൈവശം വെച്ചിരുന്നെന്ന് പോലിസ് പറയുന്നു.

Tags: