ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി

വിമാനത്തിലെ അംഗങ്ങളുടെ സുരക്ഷക്കായി സ്വകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Update: 2020-03-22 04:11 GMT
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇറ്റലിയിലെ കുടുങ്ങിയ 263 വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്നലെ വൈകുന്നേരമാണ് വിമാനം ഇറ്റലിയിലേക്ക് പുറപ്പെട്ടത്. വിമാനത്തിലെ അംഗങ്ങളുടെ സുരക്ഷക്കായി സ്വകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 627 മരണം സ്ഥിരീകരിച്ചതോടെ കൊവിഡിനെ നേരിടാന്‍ സൈന്യത്തെ ഇറക്കിയെന്നാണ് റിപോര്‍ട്ട്. ഇറ്റലിയില്‍ ഇതുവരെ 4,000 ത്തിലധികം ആളുകളാണ് കൊവിഡ് 19 ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 13000 ആയി. ബ്രിട്ടനില്‍ പബ്ബുകള്‍ അടച്ചു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശം നല്‍കി. അയഞ്ഞനിലപാടുകള്‍ കൂടുതല്‍ ജീവനുകളെടുക്കുമെന്ന തിരിച്ചറിവിലാണ് ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുട എണ്ണം 332 ആയി. 24 മണിക്കൂറിനിടെ 77 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയുന്നത് പഞ്ചാബിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.