45 തോക്കുകളുമായി വിയറ്റ്‌നാമില്‍ നിന്നുള്ള ഇന്ത്യന്‍ ദമ്പതികള്‍ ഡല്‍ഹിയില്‍ പിടിയിലായി
ജഗ്ജിത് സിങ്, അദ്ദേഹത്തിന്റെ ഭാര്യ ജസ്‌വിന്ദര്‍ കൗര്‍ എന്നിവരാണ് തോക്കുകളുമായി പിടിയിലായത്.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിയറ്റ്‌നാമില്‍ നിന്നുള്ള ഇന്ത്യന്‍ ദമ്പതികളുടെ രണ്ട് ബാഗുകളില്‍ നിന്ന് 22 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകള്‍ പിടികൂടി.
12 ലക്ഷം രൂപയിലധികം വിലയുള്ള 25 തോക്കുകള്‍ മുമ്പും കടത്തിയതായി അവര്‍ സമ്മതിച്ചെന്ന് ദേശീയ തലസ്ഥാനത്തെ ഐജിഐ വിമാനത്താവളത്തിലെ മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
'ബാലിസ്റ്റിക് റിപോര്‍ട്ടുകള്‍ തോക്കുകള്‍ യഥാര്‍ത്ഥമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കും. പക്ഷേ, പ്രാഥമിക റിപോര്‍ട്ടില്‍, തോക്കുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും അത് ഉപയോഗിക്കാന്‍ കഴിയുമെന്നും ദേശീയ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.
ജഗ്ജിത് സിങ്, അദ്ദേഹത്തിന്റെ ഭാര്യ ജസ്‌വിന്ദര്‍ കൗര്‍ എന്നിവരാണ് തോക്കുകളുമായി പിടിയിലായത്. ജൂലൈ 10 ന് വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദമ്പതികള്‍ നിരീക്ഷണത്തിലായിരുന്നു. സഹോദരന്‍ മഞ്ജിത് സിങ് നല്‍കിയ രണ്ട് ട്രോളി ബാഗുകളിലായി പിസ്റ്റളുകളുമായി ജഗ്ജിത് സിങ് പിടിയിലാവുകയായിരുന്നു.
ഫ്രാന്‍സിലെ പാരീസില്‍ നിന്ന് വിയറ്റ്‌നാമിലെത്തിയ ശേഷം ജഗ്ജിത് സിങ്ങിന് മന്‍ജിത് സിംഗ് ബാഗുകള്‍ നല്‍കിയെന്നാണ് റിപോര്‍ട്ട്. ബാഗുകള്‍ കൈമാറിയ ശേഷം മഞ്ജിത് സിങ്് എയര്‍പോര്‍ട്ടില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. തോക്കുകള്‍ അടങ്ങിയ ട്രോളി ബാഗിന്റെ ടാഗുകള്‍ നീക്കം ചെയ്യാനും നശിപ്പിക്കാനും വനിതാ യാത്രക്കാരി ഭര്‍ത്താവിനെ സഹായിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
