ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിലുള്ള ഇന്ത്യക്കാരെ കോണ്‍സുലേറ്റ് അംഗങ്ങള്‍ കണ്ടു

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ 'സ്‌റ്റെനാ ഇംപെറോ'യിലെയും ബ്രിട്ടിന്‍ പിടിച്ചെടുത്ത ഗ്രേസ്1 എന്ന ഇറാന്‍ കപ്പലിലെയും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റ് സഹായം ഉറപ്പാക്കിയതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍.

Update: 2019-07-26 00:49 GMT

ടെറാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ 'സ്‌റ്റെനാ ഇംപെറോ'യിലെയും ബ്രിട്ടിന്‍ പിടിച്ചെടുത്ത ഗ്രേസ്1 എന്ന ഇറാന്‍ കപ്പലിലെയും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റ് സഹായം ഉറപ്പാക്കിയതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലെ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചെന്നും രാവിലെ കേന്ദ്രമന്ത്രി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു.

കപ്പലിലെ 24 ഇന്ത്യക്കാര്‍ക്കും ഹൈക്കമ്മീഷന്‍ യാത്രാസൗകര്യം ചെയ്തുകൊടുക്കുമെന്നാണ് മുരളീധരന്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് യാത്രാ ആവശ്യത്തിനുള്ള രേഖകളും നല്‍കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ ജീവനക്കാരെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും മന്ത്രി രാവിലെ പങ്കു വച്ചിരുന്നു.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസം 4നാണ് ഗ്രേസ്1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. കപ്പല്‍ 30 ദിവസം തടങ്കലില്‍ വയ്ക്കാനും ജിബ്രാള്‍ട്ടര്‍ സുപ്രിംകോടതി ഉത്തരവിട്ടു. ഇതിന് പ്രതികാരമെന്ന നിലയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്‌റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇരുകപ്പലുകളിലുമായി 42 ഇന്ത്യക്കാരാണ് ഉള്ളത്. ഇവരില്‍ ഏഴ് പേര്‍ മലയാളികളാണ്.

ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ്1ല്‍ മൂന്നു മലയാളികളാണുള്ളത്. മലപ്പുറം, കാസര്‍കോട്, ഗുരുവായൂര്‍ സ്വദേശികളാണ് ഇവര്‍. ഇറാന്‍ പിടിച്ചെടുത്ത സ്‌റ്റെനാ ഇംപറോയിലെ ജീവനക്കാരില്‍ നാല് പേര്‍ മലയാളികളാണ്.  

Tags:    

Similar News