കൊവിഡ് പ്രതിരോധ ചികില്‍സ: കണ്ടുപിടിത്തവുമായി ഇന്ത്യന്‍ വംശജ; ലഭിച്ചത് 18.35 ലക്ഷം രൂപ
മൂന്ന് മില്യന്‍ യംഗ് സയന്റിസ്റ്റ് ചലഞ്ചില്‍ പങ്കെടുത്തുകൊണ്ടാണ് അനിക പുരസ്‌കാരം നേടിയത്.
ടെക്സ്: കൊവിഡ് പ്രതിരോധ ചികില്‍സ കണ്ടുപിടിത്തവുമായി ഇന്ത്യന്‍ വംശജ. ടെക്‌സസിലെ ഫ്രിസ്‌കോയില്‍ നിന്നുള്ള 14 വയസുകാരി അനിക ചെബ്രോലുവാണ് കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന കണ്ടുപിടിത്തം നടത്തിയത്. കണ്ടുപിടിത്തത്തിന് അമേരിക്കന്‍ ടോപ് യങ് സയന്റിസ്റ്റായി അനിക തിരഞ്ഞെടുക്കപ്പെട്ടു. 25000 ഡോളറാണ് അനികയ്ക്ക് സമ്മാന തുകയായി ലഭിക്കുക. ഏകദേശം 18.35 ലക്ഷം രൂപ. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനിക ചെബ്രോലു.
മൂന്ന് മില്യന്‍ യംഗ് സയന്റിസ്റ്റ് ചലഞ്ചില്‍ പങ്കെടുത്തുകൊണ്ടാണ് അനിക പുരസ്‌കാരം നേടിയത്. കൊവിഡിന് കാരണമായ വൈറസിനെ പ്രതിരോധിക്കുന്ന തന്മാത്രകള്‍ അടങ്ങിയ പ്രോട്ടീന്‍ സംയുക്തം വേര്‍തിരിച്ചെടുത്താണ് അനിക ശ്രദ്ധേയയായത്. ഇത് കൊറോണ വൈറസിന്റെ പ്രവര്‍ത്തനം തടയുന്നതായിയും കണ്ടെത്തി. 'കഴിഞ്ഞ രണ്ട് ദിവസമായി, എന്റെ പ്രോജക്റ്റ് ഏറെ ചര്‍ച്ചയാകുന്നുണ്ട്. ഈ മഹാമാരിക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഇത്. ഉടന്‍ തന്നെ ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഇത്തരം കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'അനിക പറഞ്ഞു.
സീസണല്‍ ഫ്ളൂ സംബന്ധിച്ച് നടത്തിയ പഠനമാണ് ഈ എട്ടാം ക്ലാസുകാരിയെ കൊറോണ വൈറസിലേയ്ക്കെത്തിച്ചത്. ആദ്യം അനിക കൊറോണ വൈറസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. എലിപ്പനിയെ പ്രതിരോധിക്കാനുള്ള വഴികളില്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് ലോകം മഹാമാരി ബാധിച്ചപ്പോള്‍ തന്റെ ഗവേഷണ പദ്ധതികള്‍ അനിക മാറ്റി. തന്മാത്ര എങ്ങനെ സാര്‍സ് കൊറോണ വൈറസ് 2മായി ചേരുന്നു എന്ന് പഠിക്കാനായി ഒന്നിലധികം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഇന്‍-സിലിക്കോ രീതികളും ഉപയോഗിച്ചു.
'എന്റെ മുത്തച്ഛന്‍, ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ അദ്ദേഹം എന്നെ എല്ലായ്‌പ്പോഴും ശാസ്ത്രത്തിലേക്ക് തള്ളിവിടാറുണ്ടായിരുന്നു. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു രസതന്ത്ര പ്രൊഫസറായിരുന്നു, മൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടിക പഠിക്കാനും ശാസ്ത്രത്തെക്കുറിച്ച് ഈ കാര്യങ്ങളെല്ലാം പഠിക്കാനും അദ്ദേഹം എന്നോട് പറയുമായിരുന്നു. അത് കേട്ടാണ് വളര്‍ന്നത് അനിക പറഞ്ഞു.
നിലവില്‍ കൊവിഡ് 19നെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോക ശാസ്ത്രജ്ഞര്‍. റഷ്യ ഉള്‍പ്പടെ ചില സ്ഥലങ്ങളില്‍ വാക്‌സിന്‍ പുറത്തിറക്കുകയും ചെയ്തു.
