ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചെന്ന് പാകിസ്താന്‍

പാക് വ്യോമസേന തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ മടങ്ങിയതായും പാകിസ്താന്‍ വ്യോമസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ അറിയിച്ചു.

Update: 2019-02-26 02:19 GMT

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന നിയന്ത്രണ രേഖ ലംഘിച്ച് തങ്ങളുടെ അതിര്‍ത്തിക്കകത്ത് പ്രവേശിച്ചെന്ന് പാകിസ്താന്‍. പാക് വ്യോമസേന തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ മടങ്ങിയതായും പാകിസ്താന്‍ വ്യോമസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ അറിയിച്ചു. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനിടെയാണ് സംഭവം.വിമാനങ്ങള്‍ ധൃതിയില്‍ മടങ്ങവേ ബാലക്കോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായും പാക് സൈനിക വക്താവ് അറിയിച്ചു. മുസാഫറാബാദ് സെക്ടറിലാണ് സംഭവം. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ വ്യോമസേനപ്രതികരിച്ചിട്ടില്ല. നേരത്തേ പാക് സൈന്യം രജൗരിയിലും പൂഞ്ചിലും നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ആരോപണമുണ്ടായിരുന്നു. രാത്രിയില്‍ നിരവധി ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായാണ് ഇന്ത്യന്‍ സൈന്യം ആരോപിച്ചത്.

പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ അതിര്‍ത്തിയിലുള്ള പാക് സൈനികരെ സന്ദര്‍ശിച്ച് ഏത് സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരിക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച്ച റാവല്‍പിണ്ടി കോര്‍പ്‌സ് ആസ്ഥാനവും ബജ്വ സന്ദര്‍ശിച്ചിരുന്നു. 

Tags:    

Similar News