ആര്‍സിഇപി കരാര്‍: ഇന്ത്യ ഒപ്പിടില്ല; 2020 ഫെബ്രുവരി വരെ സമയം

Update: 2019-11-04 18:40 GMT

ബാങ്കോക്ക്: പ്രതിഷേധങ്ങള്‍ക്കിടെ മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍(ആര്‍സിഇപി) ഒപ്പിടാനുള്ള നീക്കത്തില്‍ നിന്നു ഇന്ത്യ പിന്‍മാറി. കരാറുമായി ബന്ധപ്പെട്ട ഇന്ത്യ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കപ്പെടാത്തതിനാലാണ് ഒപ്പിടാത്തതെന്നാണ് സൂചന. എല്ലാ ഇന്ത്യക്കാരുടെയും താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട് വിലയിരുത്തുമ്പോള്‍ ക്രിയാത്മക ഉത്തരം ലഭിക്കുന്നില്ലെന്നും അതിനാല്‍ ആര്‍സിഇപി കരാറില്‍ ഒപ്പുവയ്ക്കാന്‍ മനസാക്ഷി എന്നെ അനുവദിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചൈന ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങള്‍ കരാറുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ഫെബ്രുവരി വരെ ഇന്ത്യയ്ക്കു സമയം നല്‍കിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ തയ്യാറാവുമ്പോള്‍ കരാറിന്റെ ഭാഗമാവാമെന്ന് ചൈനീസ് വാണിജ്യമന്ത്രി പറഞ്ഞു. പ്രധാനമായും ചരക്കു സേവന, നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ കരാറില്‍ ഉള്‍ക്കൊള്ളാത്തതാണ് ഇന്ത്യയുടെ പിന്‍മാറ്റത്തിനു കാരണമെന്നാണു റിപോര്‍ട്ടുകള്‍.

    ലോകത്തെ ഏറ്റവും വലിയ സ്വതന്ത്രവാണിജ്യ മേഖല സൃഷ്ടിക്കാനുള്ള ആര്‍സിഇപി കരാറിലെ ചില വ്യവസ്ഥകളില്‍ ഇളവു വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചര്‍ച്ചകള്‍ പൂര്‍ണതയിലെത്താതായതോടെയാണ് ഇന്ത്യ പിന്‍മാറിയത്. ഇന്ത്യ ഒഴികെയുള്ള 15 രാജ്യങ്ങള്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും റിപോര്‍ട്ടുകളുണ്ട്. കരാറിന്റെ ഭാഗമാവുന്നതിനായി തായ്‌ലന്‍ഡ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. കരാറിന്റെ ഭാഗമാവുന്നതിനെതിരേ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 10 ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും ചേര്‍ന്ന് സ്വതന്ത്ര വ്യാപാരമേഖല സൃഷ്ടിക്കുകയാണ് ആര്‍സിഇപി കരാര്‍ വഴി ലക്ഷ്യമിടുന്നത്.




Tags: