എന്‍ഡിഎയെ നേരിടാന്‍ 'ഇന്ത്യ'; പ്രതിപക്ഷ ഐക്യസഖ്യത്തിന് പുതിയ പേര്

Update: 2023-07-18 14:55 GMT
ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തെ നേരിടാനുള്ള പ്രതിപക്ഷ ഐക്യ സഖ്യത്തിന് പുതിയ പേര്. ഇന്ത്യ എന്നു വരുന്ന 'ഐഎന്‍ഡിഐഎ'(ഇന്ത്യന്‍ നാഷനല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്നാണ് പേരിടാന്‍ തീരുമാനിച്ചിട്ടുള്ളത്. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് തീരുമാനം. രാഹുല്‍ഗാന്ധി നിര്‍ദേശിച്ച പേര് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടികളിലെ ഭൂരിഭാഗം നേതാക്കളും അനൂകൂലിച്ചെന്നാണ് റിപോര്‍ട്ട്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് യുപിഎ(യുനൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) എന്നാണ് പേര്. ഇതില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടികളും വിശാല സഖ്യത്തില്‍ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി ഇന്ത്യ എന്ന പേര് കണ്ടെത്തിയത്. ഇന്ത്യാ സഖ്യത്തെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ നയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, അധ്യക്ഷയെ തീരുമാനിച്ചിട്ടില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുമെന്നാണ് വിവരം. അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ ചേരാനും യോഗത്തില്‍ ധാരണയായി. ഈ യോഗത്തിലായിരിക്കും അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള അന്തിമ തീരുമാനമുണ്ടാവുക.

    ഐഎന്‍ഡി ഐഎ എന്ന എന്ന പേരില്‍ മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനം തീരുമാനിച്ചതായി എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് ഡോ. ജിതേന്ദ്ര അവ്ഹാദ് ട്വീറ്റ് ചെയ്തു. സഖ്യത്തിന് ഐഎന്‍ഡി ഐഎ(INDIA) എന്ന പേരിടാനുള്ള നിര്‍ദേശം യോഗത്തില്‍ രാഹുല്‍ ഗാന്ധിയാണ് മുന്നോട്ടുവച്ചതെന്നും അദ്ദേഹത്തിന്റെ സര്‍ദാത്മകത ഏറെ പ്രശംസിക്കപ്പെട്ടെന്നും മറ്റെല്ലാ പാര്‍ട്ടികളും ഇത് അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ ടീം ഇന്ത്യയും ടീം എന്‍ഡിഎയും തമ്മിലാണ് മല്‍സരമെന്ന് ശിവസേന (യുബിടി) രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. യോഗത്തിന് പിന്നാലെ ചക്‌ദേ ഇന്ത്യ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനും ട്വീറ്റ് ചെയ്തു. ഇന്ത്യ വിജയിക്കും എന്ന് കോണ്‍ഗ്രസ് ലോക്‌സഭാ എംപി മാണിക്കം ടാഗൂര്‍ ട്വീറ്റ് ചെയ്തു.

    അതേസമയം, ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഇന്ത്യ എന്ന പേര് തിരഞ്ഞെടുത്തതെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു. പോരാട്ടം ഇന്ത്യയും എന്‍ഡിഎയും തമ്മിലാണ്. നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. രാജ്യത്തിന്റെ ഭരണഘടനയേയും ജനങ്ങളുടെ ശബ്ദത്തേയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തേയും ഞങ്ങള്‍ സംരക്ഷിക്കും. ഇന്ത്യയുടെ ആശയത്തെ ഒരാള്‍ ഏറ്റെടുക്കുമ്പോള്‍ ആരാണ് വിജയിക്കുകയെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞമാസം 23ന് പട്‌നയില്‍ചേര്‍ന്ന കൂട്ടായ്മയുടെ തുടര്‍ച്ചയായാണ് ഇന്ന് ബെംഗളൂരുവില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ രണ്ടാം യോഗം നടന്നത്. പട്‌നയില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തിരുന്നതെങ്കില്‍ ഇത്തവണ 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ ബെംഗളൂരുവിലെ യോഗത്തില്‍ പങ്കെടുത്തു.

Tags: