പ്ലാസ്റ്റിക് നിരോധനം ജൂലൈ 1 മുതല്‍

-നിര്‍മ്മാണം, ഇറക്കുമതി, വിതരണം, സംഭരണം എന്നിവയ്ക്കും വിലക്ക്

Update: 2022-06-28 12:19 GMT

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ജൂലൈ ഒന്നുമുതല്‍ നിരോധിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. നിലവില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ബദല്‍ മാര്‍ഗങ്ങളിലേക്ക് മാറുന്നതിന് ആവശ്യമായ സമയം നല്‍കി കഴിഞ്ഞു. ഇനി സര്‍ക്കാര്‍ ഇളവ് അനുവദിക്കില്ലെന്നും ഭൂപേന്ദര്‍ യാദവ് അറിയിച്ചു.

പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും ജൂലൈ ഒന്നുമുതല്‍ നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇവയുടെ നിര്‍മ്മാണം, ഇറക്കുമതി, വിതരണം, സംഭരണം എന്നിവയ്ക്കും വിലക്കുണ്ട്.

പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ ഉള്ള ഇയര്‍ ബഡ്‌സ്, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള പോളിസ്‌റ്റൈറീന്‍ (തെര്‍മോകോള്‍), പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്‌ട്രോ, ട്രേകള്‍, മധുരപലഹാര പെട്ടികള്‍ക്ക് ചുറ്റും പൊതിയാനോ പായ്ക്ക് ചെയ്യാനോ ഉപയോഗിക്കുന്ന ഫിലിമുകള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പിവിസി ബാനറുകള്‍, സ്റ്റിററുകള്‍ എന്നിവയാണ് നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

Tags:    

Similar News