54-ാം ദൗത്യവും വിജയകരമാക്കി പിഎസ്എൽവി സി: ഭൂട്ടാൻ്റെ അടക്കം ഒൻപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

Update: 2022-11-27 01:04 GMT

ചെന്നൈ: പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. രാജ്യത്തിന്‍റെ ഭൗമനിരീക്ഷണ ഉപഗ്രഹവും നയതന്ത്ര സഹകരണത്തിന്‍റെ ഭാഗമായി ഭൂട്ടാന്‍റെ ചെറു ഉപഗ്രഹവും ഏഴ് വാണിജ്യ ഉപഗ്രഹങ്ങളും ഒരുമിച്ച് വിക്ഷേപിക്കുക എന്ന ദൗത്യമാണ് ഇസ്രോ ഇത്തവണ ഏറ്റെടുത്തത്.

ഇന്നലെ രാവിലെ കൃത്യം 11.56-നാണ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിന്‍റെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് പിഎസ്എൽവി ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. പിഎസ്എൽവിയുടെ ഏറ്റവും കരുത്തുള്ള വേരിയന്‍റായ പിഎസ്എൽവി എക്സ്എൽ ആയിരുന്നു വിക്ഷേപണ വാഹനം.

ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ പോലെ കൃത്യം പതിനേഴാം മിനുട്ടിൽ ഓഷ്യൻ സാറ്റ് 3 ഭ്രമണ പഥത്തിലെത്തി. കടലിന്‍റെ സ്വഭാവവും ഉപരിതല താപനിലയും കാലാവസ്ഥയും പ്രവചിക്കുന്ന മൂന്നാം തലമുറ ഉപഗ്രഹമാണ് ഇഒഎസ് 6 എന്ന ഓഷ്യൻ സാറ്റ് 3.

തുടർന്ന് ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് വാഹനം 214 കിലോമീറ്റർ വരെ താഴെയുള്ള ഭ്രമണപഥത്തിലേക്ക് താഴ്ത്തി. ഇതിനിടെ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളും കൃത്യമായി ഭ്രമണപഥങ്ങളിൽ സ്ഥാപിച്ചു. ഭൂട്ടാന്‍റെ ഒപ്റ്റിക്കൽ ഇമേജിംഗ് ഉപഗ്രഹമായ ഭൂട്ടാൻ സാറ്റ് ദൗത്യത്തിലുൾപ്പെടുത്തിയത് നയതന്ത്ര സഹകരണത്തിന്‍റെ കൂടി ഭാഗമായാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടെന്ന് വിക്ഷേപണം കാണാൻ എത്തിയ ഭൂട്ടാൻ വിവര, വാർത്താ വിനിമയ മന്ത്രി കർമ ഡോണൻ വാങ്ഗ്ഡി പറഞ്ഞു.

ഇസ്രോയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി. പരസ്പര സ്നേഹത്തിലും സഹകരണത്തിലും ഇന്ത്യയും ഭൂട്ടാനും മുന്നോട്ടുപോകും - കർമ ഡോണൻ വാങ്ഗ്ഡി പറഞ്ഞു.

ഇന്ത്യൻ സ്റ്റാർട്ടപ്പായ പിക്സലിന്‍റെ നിരീക്ഷണ ഉപഗ്രഹം ആനന്ദ്, ധ്രുവ സ്പെയ്സ് നിർമിച്ച് രണ്ട് തൈബോൾട്ട് നാനോ ഉപഗ്രഹങ്ങൾ, അമേരിക്കൻ കമ്പനിയായ സ്പെയ്സ് ഫ്ലൈറ്റിന്‍റെ ഇന്‍റർനെറ്റ് ശൃംഖലയ്ക്കു വേണ്ടിയുള്ള നാല് അസ്ട്രോ കാസ്റ്റ് ചെറു ഉപഗ്രഹങ്ങൾ എന്നിവയും തുടർന്ന് ഭ്രമണപഥത്തിലെത്തി. പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ തകരാറുകൾ പരിഹരിച്ച് വരുന്ന മാസം തന്നെ വീണ്ടും വിക്ഷേപിക്കുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ജിഎസ്എൽവിയുടെ വിക്ഷേപണവും ഉടൻ പ്രതീക്ഷിക്കാം.

രാജ്യത്തിന്‍റെ എക്കാലത്തേയും വിശ്വസ്ത വിക്ഷേപണ വാഹനത്തിന്‍റെ അൻപത്തിയാറാമത്തെ വിക്ഷേപണമാണ് ഇന്നലെ നടന്നത്. എക്സ്എൽ വേരിയന്‍റിന്‍റെ ഇരുപത്തിനാലാം വിക്ഷേപണം. രണ്ട് മണിക്കൂർ 29 മിനുട്ടിൽ ദൗത്യം പൂർത്തിയാക്കി പിഎസ്എൽവി കടുകിട തെറ്റാത്ത അതിന്‍റെ കൃത്യത വീണ്ടും ആവർത്തിച്ചു എന്നതാണ് വിക്ഷേപണത്തിൻ്റെ പ്രധാന സവിശേഷത. 

Similar News