രാജ്യത്ത് 58,419 പുതിയ കൊവിഡ് രോഗികള്‍; 81 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

Update: 2021-06-20 05:02 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി 58,419 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പടര്‍ന്നുപിടിച്ച് 81 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കൊവിഡ് വ്യാപനം രൂക്ഷമായ ആദ്യഘട്ടങ്ങളില്‍ രാജ്യത്തെ പ്രതിദിന രോഗികള്‍ തുടര്‍ച്ചയായി നാലുലക്ഷത്തിന് മുകളിലായിരുന്നു. ഇത് പിന്നീടാണ് ഘട്ടം ഘട്ടമായി രോഗവ്യാപന തീവ്രത കുറയുകയും പുതിയ വൈറസ് കേസുകള്‍ ഒരുലക്ഷത്തിന് താഴേയ്‌ക്കെത്തുകയും ചെയ്തത്.

ആകെ 2.98 കോടി പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ 30,776 സജീവകേസുകളാണ് രാജ്യത്തുണ്ടായത്. ഇതോടെ ആകെ സജീവകേസുകളുടെ എണ്ണം 7,29,243 ആയി ഉയര്‍ന്നു. തുടര്‍ച്ചയായി രോഗമുക്തരാവുന്നവരുടെ എണ്ണം പ്രതിദിന വൈറസ് കേസുകളേക്കാള്‍ മുകളില്‍തന്നെയാണ് എന്നത് ആശ്വാസം നല്‍കുന്നുണ്ട്.

24 മണിക്കൂറിനിടെ 87,619 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. ആകെ രോഗമുക്തി നേടിയവര്‍ 2,87,66,009 പേരാണ്. കഴിഞ്ഞ ദിവസം മാത്രം 1,576 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ മരണം 3,86,713 ആയി ഉയര്‍ന്നു. ആകെ 27,66,93,572 പേര്‍ രാജ്യത്താകെ വാക്‌സിനേഷന് വിധേയരായി. പ്രതിദിന രോഗികളില്‍ മുന്നിലുള്ളത് കേരളമാണ്. കേരളത്തില്‍ ശനിയാഴ്ച 12,443 പേര്‍ക്കാണ് രോഗം റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 8,912 പേര്‍ക്കും തമിഴ്‌നാട്ടില്‍ 8,183 പേര്‍ക്കും വൈറസ് റിപോര്‍ട്ട് ചെയ്തു.

Tags: