അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങള്‍ അയക്കാന്‍ ഇന്ത്യ അമേരിക്കയുടെ അനുമതി തേടി

Update: 2021-08-20 05:18 GMT

ന്യൂഡല്‍ഹി: അഫ്ഗാനിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അയക്കുന്നതിന് അമേരിക്കയുടെ അനുമതി തേടി ഇന്ത്യ. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യുഎസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. വ്യോമസേനാ വിമാനങ്ങളിലാണ് നിലവില്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.

കാബൂള്‍ വിമാനത്താവളത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അയക്കുന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും.

ഇന്നലെ ചേര്‍ന്ന യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു. 400 ല്‍ താഴെ ഇന്ത്യക്കാരാണ് ഇനി തിരികെ എത്താനുള്ളത്. തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് വിസ നടപടികള്‍ ഉള്‍പ്പെടെ സുഗമമാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തിരുന്നു.