കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത: യുഎന്‍ സെക്രട്ടറി ജനറലിന്റെ നിര്‍ദേശം തള്ളി ഇന്ത്യ

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ ഗുത്തേറഷിന്റെ നിര്‍ദേശം തള്ളിയത്.

Update: 2020-02-17 09:07 GMT

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷിന്റെ നിര്‍ദേശം തള്ളി ഇന്ത്യ. കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ ഗുത്തേറഷിന്റെ നിര്‍ദേശം തള്ളിയത്. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും അത് അങ്ങനെത്തന്നെ തുടരുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

തന്റെ പാക് സന്ദര്‍ശനത്തിനിടെ ഇസ്‌ലാമാബാദില്‍വച്ചാണ് യുഎന്‍ സെക്രട്ടറി ജനറല്‍ മധ്യസ്ഥ വാഗ്ദാനവുമായി മുന്നോട്ട് വന്നത്. സൈനികമായും വാക്കിനാലും സംയമനം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇരു രാജ്യങ്ങള്‍ക്കും സമ്മതമാണെങ്കില്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നായിരുന്നു ഗുത്തേറഷ് വ്യക്തമാക്കിയത്. എന്നാല്‍, ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. പാകിസ്താന്‍ കൈയേറിയ പ്രദേശം ഒഴിയുകയാണ് വേണ്ടത്. ഇതിനു പുറമെയുള്ള എന്ത് വിഷയവും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷികളുടെ ഇടപെടല്‍ വേണ്ടെന്നും ഇന്ത്യ അറിയിച്ചു.

അതിര്‍ത്തി കടന്ന് പാകിസ്താന്‍ ഇന്ത്യക്കെതിരേ നടത്തുന്ന 'തീവ്രവാദ' പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പാക് അധികാരികളില്‍ സമ്മര്‍ദം ചെലുത്തണമെന്നും യുഎന്‍ സെക്രട്ടറിയോട് ഇന്ത്യ ആവശ്യപ്പെട്ടു. പാക് സൈന്യത്തിന്റെ പിന്തുണയോടെ അതിര്‍ത്തി കടന്ന് നടത്തുന്ന സായുധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ജീവിതത്തിനും അടിസ്ഥാന മനുഷ്യവകാശങ്ങള്‍ക്കും വെല്ലുവിളിയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

Tags:    

Similar News