വെടിനിര്‍ത്തല്‍ ലംഘനം; സുമിയില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവച്ചു

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകള്‍ പുറപ്പെടില്ല. വിദ്യാര്‍ഥികളോട് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടുണ്ട്.

Update: 2022-03-07 12:34 GMT

സുമി: സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എംബസി. വഴിയില്‍ സ്‌ഫോടനങ്ങളുണ്ടെന്നും യാത്ര സുഗമമായിരിക്കില്ലെന്നുമുള്ള വിലയിരുത്തലില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന റിപോര്‍ട്ടുകള്‍.

'ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകള്‍ പുറപ്പെടില്ല. വിദ്യാര്‍ഥികളോട് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടുണ്ട്. തുടര്‍നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുക', എന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം. വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയ ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കേണ്ടിവന്നത്.

റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയില്‍ ആക്രമണം നടക്കുന്നുണ്ടെന്നാണ് സൂചന. അതിനാല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് എംബസിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

നേരത്തെ, മനുഷ്യത്വ ഇടനാഴി അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുക്രെയ്ന്‍ നിലപാടെടുത്തിരുന്നു. ഏകദേശം 700ഓളം വിദ്യാര്‍ഥികളാണ് സുമിയില്‍ കുടുങ്ങിയിരിക്കുന്നത്. അതില്‍ മുന്നൂറോളം പേര്‍ മലയാളികളാണ്.

അതേസമയം യുക്രെയ്‌നുമായുള്ള മൂന്നാംവട്ട ചര്‍ച്ച തുടങ്ങിയതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. യുദ്ധത്തിനിടയില്‍ സിവിലിയന്‍മാരെ ഒഴിപ്പിക്കുവാനായി മാനുഷിക ഇടനാഴി ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച.