കൊറോണയുടെ ഉറവിടം കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ 61 രാജ്യങ്ങള്‍

Update: 2020-05-18 05:30 GMT

ജനീവ: കൊവിഡ് മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പെടെ 61 രാജ്യങ്ങള്‍. ഇന്ന് തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്ക് മുന്നോടിയായി തയ്യാറാക്കിയ കരട് പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് സ്വന്ത്രവും സമഗ്രവുമായി അന്വേഷിക്കണമെന്നും കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം. ചൈനയുടെ ലാബില്‍നിന്നാണ് കൊറോണ വൈറസ് പടര്‍ന്നതെന്നാണ് അമേരിക്കയുടെ ആരോപണം. വൈറസ് പടരാതിരിക്കാന്‍ ചൈന നടപടിയെടുത്തില്ലെന്നും അമേരിക്ക ആരോപിച്ചിരുന്നു.

    കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് ഡബ്ല്യുഎച്ച്ഒ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗരാജ്യങ്ങളുമായി ആലോചിച്ച് വിലയിരുത്താനുള്ള നടപടികള്‍ വേണമെന്ന് പ്രമേയത്തില്‍ പറയുന്നു. കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട സമയബന്ധിതമായ നടപടികളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് കരട് ചൂണ്ടിക്കാണിക്കുന്നു. എത്രയും പെട്ടെന്നുള്ള സമയത്ത് തന്നെ കാര്യങ്ങള്‍ തുടങ്ങേണ്ടതുണ്ട്. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണം. ലോകാരോഗ്യ സംഘടന കൈക്കൊണ്ട കൊവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തണമെന്നും കരട് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

    യൂറോപ്യന്‍ യൂനിയനും പ്രമേയത്തെ പിന്തുണച്ചു. ഓസ്‌ട്രേലിയയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രമേയത്തില്‍ കൊവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ടെന്നു കരുതുന്ന ചൈനയെക്കുറിച്ചോ വുഹാനെക്കുറിച്ചോ പരാമര്‍ശമില്ല. ജപ്പാന്‍, യുകെ, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ തുടങ്ങിയവയാണ് പ്രമേയത്തെ അനുകൂലിച്ച മറ്റു രാജ്യങ്ങള്‍. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.


Tags:    

Similar News