രാജ്യത്ത് റീട്ടെയ്ൽ പണപ്പെരുപ്പം ജനുവരിയിൽ 6.01 ശതമാനമായി ഉയർന്നതായി കണക്കുകൾ
ഭക്ഷണം, പാനീയങ്ങൾ എന്നിവ കൂടാതെ, ഇന്ധനം മേഖലയിൽ 9.32 ശതമാനവും വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയിൽ 8.84 ശതമാനവും ഭവന വിഭാഗത്തിൽ 3.52 ശതമാനവും വില ഉയർന്നു.
ന്യൂഡൽഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രകാരം കണക്കാക്കുന്ന, റീട്ടെയ്ൽ പണപ്പെരുപ്പം രാജ്യത്ത് ജനുവരി മാസത്തിൽ 6.01 ശതമാനമായി ഉയർന്നതായി കണക്കുകൾ. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (എംഒഎസ്‌പിഐ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടാതെ, 2021 ഡിസംബറിലെ റീട്ടെയ്ൽ പണപ്പെരുപ്പം 5.59 ശതമാനത്തിൽ നിന്ന് 5.66 ശതമാനമായി പുതുക്കി.
ജനുവരിയിലെ സിപിഐ വിവരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഉയർന്ന മാർജിൻ ആയ ആറ് ശതമാനത്തെ നേരിയ തോതിൽ മറികടന്നു. 2026 മാർച്ചിൽ അവസാനിക്കുന്ന അഞ്ച് വർഷ കാലയളവിലേക്ക് റീട്ടെയിൽ പണപ്പെരുപ്പം ഇരുവശത്തും രണ്ട് ശതമാനം മാർജിനോടെ നാല് ശതമാനമായി നിലനിർത്താൻ സർക്കാർ റിസർവ് ബാങ്കിനെ നിർബന്ധിച്ചിട്ടുണ്ട്.
റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ പ്രധാനമായും റിസർവ് ബാങ്ക് അതിന്റെ ദ്വിമാസ ധനനയം തയ്യാറാക്കുന്ന സമയത്താണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്‌ച, റിസർവ് ബാങ്കിന്റെ ധനനയ സമിതി (എംപിസി) തുടർച്ചയായി പത്താം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിർത്തിയിരുന്നു.
ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) ജനുവരിയിൽ 5.43 ശതമാനമായി ഉയർന്നതായി വിവരങ്ങൾ വ്യക്തമാക്കുന്നു. 2021 ഡിസംബറിൽ 4.05 ശതമാനമായിരുന്നു ഇത്.
ഭക്ഷ്യ എണ്ണയുടെയും മറ്റും വിലയിലുണ്ടായ കുത്തനെയുള്ള വർധനയാണ് ജനുവരിയിൽ സിഎഫ്പിഐ 18.70 ശതമാനം ഉയർന്നതിന് കാരണം. ഇതുകൂടാതെ, ഇറച്ചി, മത്സ്യം എന്നിവയുടെ വില 5.47 ശതമാനവും പച്ചക്കറി വില 5.19 ശതമാനവും പയറുവർഗങ്ങളുടെയും ഉൽപന്നങ്ങളുടെയും വില 3.02 ശതമാനവും ഉയർന്നു.
ഭക്ഷണം, പാനീയങ്ങൾ എന്നിവ കൂടാതെ, ഇന്ധനം മേഖലയിൽ 9.32 ശതമാനവും വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയിൽ 8.84 ശതമാനവും ഭവന വിഭാഗത്തിൽ 3.52 ശതമാനവും വില ഉയർന്നു. വാണിജ്യ മന്ത്രാലയം നേരത്തെ പുറത്തുവിട്ട ഒരു പ്രത്യേക സാമ്പത്തിക വിരങ്ങളിൽ, മൊത്ത പണപ്പെരുപ്പം അല്ലെങ്കിൽ ഡബ്ല്യുപിഐ കഴിഞ്ഞ മാസം 12.96 ശതമാനം ഉയർന്നതായി വ്യക്തമാക്കിയിരുന്നു.
