ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനിക നടപടി; ചൈനയ്‌ക്കെതിരേ മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്

അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചൈനയ്‌ക്കെതിരേ സൈനിക നീക്കം നടത്തുമെന്നാണ് ജനറല്‍ ബിപിന്‍ റാവത്ത് തുറന്നടിച്ചത്.

Update: 2020-08-24 11:58 GMT

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചൈനയ്‌ക്കെതിരേ സൈനിക നീക്കം നടത്തുമെന്നാണ് ജനറല്‍ ബിപിന്‍ റാവത്ത് തുറന്നടിച്ചത്. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നു പാംഗോങ് മേഖലയില്‍ നിന്നും പിന്‍മാറാന്‍ യാതൊരു ശ്രമവും നടത്താത്ത ചൈനീസ് നിലപാടിനെ ചൂണ്ടിക്കാട്ടി സംയുക്ത സേനാമേധാവി പറഞ്ഞു. സംയുക്ത സേനാ മേധാവി പറഞ്ഞു.

എന്നാല്‍, ഇരു സൈന്യങ്ങളും തമ്മിലുള്ള ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെട്ടാല്‍ മാത്രമേ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനാന്തരീക്ഷം സാധ്യമാക്കണമെന്ന് ഇന്ത്യ - ചൈന നയതന്ത്രതല ചര്‍ച്ചയില്‍ ധാരണയായിട്ടും തണുപ്പന്‍ സമീപനം തുടരുന്ന ചൈനയ്‌ക്കെതിരേയുള്ള ശക്തമായ താക്കീതായാണ് ബിപിന്‍ റാവത്തിന്റെ പ്രസ്താവനയെ ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷങ്ങള്‍ സംഭവിക്കുന്നത് അതിര്‍ത്തി മേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ്. കൃത്യമായി അതിര്‍ത്തി നിശ്ചയിക്കാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങള്‍ നമുക്കുണ്ട്. അത്തരം പ്രദേശങ്ങളില്‍ ചര്‍ച്ച തന്നെയാണ് പ്രശ്‌ന പരിഹാരത്തിനുള്ള പ്രധാന മാര്‍ഗം. ചര്‍ച്ചകളിലുടെ പിന്‍മാറ്റം തീരുമാനിക്കല്‍ തന്നെയാണ് ഉചിതവും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. സൈനിക നീക്കത്തിന് ഏത് സമയവും സൈന്യം തയാറാണ്. പ്രതികൂല കാലാവസ്ഥലയിലും നിയന്ത്രണ രേഖയില്‍ സ്ഥാനം ഉറപ്പിക്കാന്‍ സൈന്യത്തിനു കഴിയുമെന്നും ജനറല്‍ റാവത്ത് പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് അതിക്രമം തടയാനുള്ള സൈനിക മാര്‍ഗം ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതൊക്കെ സാധ്യതകളാണ് പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.


Tags:    

Similar News