ഫ്രാന്‍സില്‍നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍; 3.60 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അനുമതി

Update: 2026-02-13 01:51 GMT

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെ പ്രതിരോധ ഇടപാടുകള്‍ക്ക് അനുമതി നല്‍കി ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ റഫാല്‍ ഉള്‍പ്പെടെ 3.60 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകള്‍ക്കാണ് അനുമതി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഈ മാസം 17-ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കേയാണിത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് 3.25 ലക്ഷം കോടിയുടെ ഇടപാടുകള്‍ക്ക് പ്രതിരോധസെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് ബോര്‍ഡ് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ഇനി പ്രധാനമന്ത്രി അധ്യക്ഷനായുള്ള കാബിനറ്റ് സുരക്ഷാസമിതിയുടെ അംഗീകാരം വേണം.

വ്യോമസേനയുടെ മള്‍ട്ടി റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. ഇതോടെ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റഫാല്‍ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന മാറും. നിലവില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്.

റഫാല്‍ യുദ്ധവിമാനങ്ങളില്‍ 18 എണ്ണം ഫ്രാന്‍സ് നിര്‍മിച്ച് ഇന്ത്യക്ക് കൈമാറും. ബാക്കി 96 വിമാനങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കും. സിംഗിള്‍ സീറ്റ് വിമാനങ്ങള്‍ 88-ഉം ട്വിന്‍ സീറ്റ് വിമാനങ്ങള്‍ 26-ഉം ഉണ്ടാകും. നിര്‍മാണത്തിന് ഇന്ത്യയിലെ സ്വകാര്യ കമ്പനികളുമായി ദെസോ ഏവിയേഷന്‍ സഹകരിക്കും.

കോംബാറ്റ് മിസൈലുകളും എയര്‍ഷിപ്പ് ബേസ്ഡ് ഹൈ ആള്‍ട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റുകള്‍, കരസേനയ്ക്കായി വൈഭവ് ആന്റി ടാങ്ക് മൈനുകള്‍, ആര്‍മേഡ് റിക്കവറി വെഹിക്കിള്‍ പ്ലാറ്റ്‌ഫോമുകള്‍, ടി-72 ടാങ്കുകള്‍, ഇന്‍ഫന്‍ട്രി യുദ്ധവാഹനങ്ങള്‍ എന്നിവയുടെ അഴിച്ചുപണിക്കുള്ള കരാര്‍, നാവികസേനയ്ക്കായി നാല് മെഗാവാട്ട് മറൈന്‍ ഗ്യാസ് ടര്‍ബൈന്‍ അധിഷ്ഠിത ഇലക്ട്രിക് പവര്‍ ജനറേറ്റര്‍, അമേരിക്കയുടെ പി-81 ലോങ് റേഞ്ച് മാരിടൈം റികണൈസന്‍സ് എയര്‍ക്രാഫ്റ്റ് (28,000 കോടി), തീരസംരക്ഷണ സേനയ്ക്കായി ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് സിസ്റ്റം ഫോര്‍ ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ് തുടങ്ങിയവയാണ് മറ്റു പ്രധാന പ്രതിരോധ ഇടപാടുകള്‍.

Tags: