ലോകത്തെ സന്തോഷമുള്ള രാജ്യങ്ങള്‍; ഇന്ത്യ ഒരു വര്‍ഷത്തിനിടെ ഏഴ് സ്ഥാനം പിറകോട്ട് പോയി
രാജ്യത്തെ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള സന്തുഷ്ടി കുറഞ്ഞു വരുന്നതിന്റെ സൂചനയാണിത്. തുടര്‍ച്ചയായി രണ്ടാം തവണയും ഫിന്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാമത്.
യുനൈറ്റഡ് നാഷന്‍സ്: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 140ാമത്. 2018നെ അപേക്ഷിച്ച് 2019ല്‍ ഇന്ത്യ ഏഴ് സ്ഥാനങ്ങള്‍ പിറകോട്ട് പോയി. രാജ്യത്തെ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള സന്തുഷ്ടി കുറഞ്ഞു വരുന്നതിന്റെ സൂചനയാണിത്. തുടര്‍ച്ചയായി രണ്ടാം തവണയും ഫിന്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാമത്.
യുഎന്നിന് വേണ്ടി സസ്റ്റയ്‌നബിള്‍ ഡവലപ്‌മെന്റ് സൊലൂഷന്‍സ് പുറത്തിറക്കിയ റിപോര്‍ട്ട് യുഎന്‍ ലോക സന്തോഷ ദിനമായ മാര്‍ച്ച് 20നാണ് പുറത്തിറക്കിയത്. ക്ഷേമം, വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, ആരോഗ്യകരമായ ആയുസ്സ്, സാമൂഹിക പിന്തുണ, ഉദാരത തുടങ്ങിയ ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ലോകത്തിന്റെ മൊത്തം സന്തോഷ തോത് കറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സ്ഥാനം തുടര്‍ച്ചയായി പിറകോട്ട് പോവുന്നതാണ് ഇതിന് പ്രധാന കാരണം. 2018ല്‍ 133ാം സ്ഥാനം ഉണ്ടായിരുന്ന സ്ഥാനത്താണ് 2019ല്‍ 140ലേക്ക് ഇടിഞ്ഞത്. ആകെ 156 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ ദയനീയ പ്രകടനം. അയല്‍രാജ്യങ്ങളായ പാകിസ്താന്‍ 67ാമതും ബംഗ്ലാദേശ് 125ാമതും ചൈന 93ാമതുമാണ് പട്ടികയില്‍
ഫിന്‍ലന്‍ഡിനു പിന്നാലെ ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ്ലന്റ്, നെതര്‍ലന്‍ഡ്‌സ് രാജ്യങ്ങളാണ് രണ്ട് മൂതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. സംഘര്‍ഷഭരിതമായ ദക്ഷിണ സുദാന്‍ ആണ് പട്ടികയില്‍ ഏറ്റവും പിറകില്‍. തൊട്ടടുത്ത് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്ക്(155), അഫ്ഗാനിസ്താന്‍(154), താന്‍സാനിയ(153), റുവാണ്ട(152) എന്നീ രാജ്യങ്ങളുണ്ട്.
ഗാലപ്പ് വേള്‍ഡ് പോളിന്റെ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ റാങ്കിങ് നടത്തുന്നത്. ഈ ഫലത്തെ ജിഡിപി, സാമൂഹിക സുരക്ഷ തുടങ്ങിയ ഘടകങ്ങളുമായി ബന്ധിപ്പിച്ചാണ് അന്തിമ പട്ടികയുണ്ടാക്കുക.
