പാകിസ്താന്‍ പിടികൂടിയ പൈലറ്റിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ
അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.
ദില്ലി: പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധനെ സുരക്ഷിതമായി എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ഇന്ത്യ. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ബാലക്കോട്ടിലെ ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടതിന് പകരമായി പാകിസ്താന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരേയാണ് ആക്രമണം നടത്തിയതെന്നും ഇത് പാകിസ്താന്റെ കടന്നു കയറ്റമാണെന്നും ഇന്ത്യ ആരോപിച്ചു.
പാകിസ്താന്റെ പിടിയിലായ അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം പറഞ്ഞത്.
ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്താന്‍ ഇന്ത്യന്‍ വൈമാനികനായ അഭിനന്ദന്‍ വര്‍ധനോട് കാണിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തുന്നു.
ഇന്ന് രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്നു പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. ഇദ്ദേഹത്തെ പ്രദേശവാസികളും പാക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയായിരുന്നു.
നേരത്തേ, ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്താാന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ശേഷം ഇന്ത്യയിലെ ഹൈക്കമ്മീഷണറെ അവര്‍ അവിടേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു. യുദ്ധം ഒന്നിനും പരിഹാരമാകില്ലെന്നും ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്താാന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തിയതെന്നതും ശ്രദ്ധേയമാണ്.
