നിയന്ത്രണ രേഖയില്‍ വീണ്ടും ചൈനയുടെ പ്രകോപനം; സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിര്‍ദേശം
ആഗസ്റ്റ് 29നും 30നും പാങ്കോങ്‌സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയിലാണ് ചൈന പ്രകോപനം സൃഷ്ടിച്ചത്.
ന്യൂഡല്‍ഹി: സൈനിക നയതന്ത്ര ചര്‍ച്ചകളിലൂടെ ഉണ്ടാക്കിയ സമവായം ചൈന ലംഘിക്കുന്നതായി വിദേശകാര്യമന്ത്രാലയം. കിഴക്കന്‍ ലഡാക്കില്‍ ചൈന പ്രകോപനം ആവര്‍ത്തിക്കുന്നതിനാല്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
ആഗസ്റ്റ് 29നും 30നും പാങ്കോങ്‌സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയിലാണ് ചൈന പ്രകോപനം സൃഷ്ടിച്ചത്. എന്നാല്‍ പ്രകോപനം സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ചൈന പ്രതികരിച്ചു.
ഗാല്‍വാനിലെ സംഘര്‍ഷത്തിന് പിന്നാലെ ആരംഭിച്ച സമാധാന ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടെയാണ് ആഗസ്റ്റ് 29ന് അര്‍ധരാത്രി പാങ്കോങ്‌സോ തടാകത്തിന് സമീപമുള്ള നിയന്ത്രണ രേഖയില്‍ ചൈന സൈനിക നീക്കം നടത്തിയത്. നിയന്ത്രണ രേഖ കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു. ശേഷം പ്രശ്‌നപരിഹാരത്തിന് ബ്രിഗേഡ് കമാന്റര്‍തല ചര്‍ച്ച ആരംഭിച്ചു.
ഇതിനിടെ 30ന് അര്‍ധരാത്രി വീണ്ടും ചൈന നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ചു എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ചര്‍ച്ചകള്‍ തുടരവെ ചൈന സൈന്യത്തെ നിയന്ത്രിക്കണമെന്നും എംഇഎ ആവശ്യപ്പെട്ടു.