അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ സമ്പ്രദായം ഇന്ത്യ പിന്‍വലിച്ചു

Update: 2022-11-21 16:01 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ വ്യാപന സമയത്ത് ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എയര്‍ സുവിധ സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. എയര്‍ സുവിധ പോര്‍ട്ടലില്‍ ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ പൂരിപ്പിക്കേണ്ട കൊവിഡ് വാക്‌സിനേഷനായുള്ള സ്വയം പ്രഖ്യാപന ഫോമുകള്‍ ഇനി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തീരുമാനം അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ലോകത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സമയത്ത് എയര്‍ സുവിധ സമ്പ്രദായം തുടരുന്നത് അനുചിതവും അപ്രയോഗികമാണെന്നും അതിനാല്‍ പ്രസ്തുത സംവിധാനം നിര്‍ത്തലാക്കണമെന്നും പ്രവാസികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കേസുകള്‍ കുറയുകയും ആഗോളതലത്തിലും ഇന്ത്യയിലും കൊവിഡ് വാക്‌സിനേഷനില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതിന്റെയും വെളിച്ചത്തിലാണ് അന്താരാഷ്ട്ര മടങ്ങിയെത്തുന്ന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുതുക്കിയതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി.

പുതുക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഓണ്‍ലൈന്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ ഫോം സമര്‍പ്പിക്കുന്നത് നിര്‍ത്തിവച്ചു. അതേസമയം, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ചട്ടം പുനപ്പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചു.

Tags:    

Similar News