അനുവാദമില്ലാതെ സ്‌കൂളില്‍ കയറി; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

Update: 2019-05-03 09:35 GMT

കൊളംബോ: അനുവാദമില്ലാതെ സ്‌കൂളില്‍ പ്രവേശിച്ചതിന് ഇന്ത്യക്കാരനായ മാധ്യമ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയുടെ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് അഹമ്മദ് ദാനിഷാണ് ശ്രീലങ്കന്‍ പോലിസിന്റെ പിടിയിലായത്. ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരയുടെ ബാക്കിപത്രം സംബന്ധിച്ച ചിത്രങ്ങളെടുക്കാന്‍ താല്‍ക്കാലികമായാണ് സിദ്ദിഖിയെ ശ്രീലങ്കയിലേക്ക് റോയിട്ടേഴ്‌സ് നിയോഗിച്ചത്. സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇദ്ദേഹം നിഗോംബോ സിറ്റിയിലെ സ്‌കൂളിലേക്ക് കയറിയത്. ആ സമയം സ്‌കൂളിലുണ്ടായിരുന്ന രക്ഷിതാക്കള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അനധികൃതമായി സ്‌കൂള്‍ കാമ്പസില്‍ കയറി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നിഗോംബോ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്തെ മെയ് 15 വരെ റിമാന്‍ഡ് ചെയ്തു.