കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി; അഞ്ചുദിവസത്തിനകം രാജ്യംവിടാന്‍ നിര്‍ദേശം

Update: 2023-09-19 07:41 GMT

ന്യൂഡല്‍ഹി: സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നു. കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിനു പിന്നാലെ തിരിച്ചടിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെ കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കിയ വിവരം പുറത്തുവന്നതിനു പിന്നാലെയാണ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയത്. മാത്രമല്ല, അഞ്ചുദിവസത്തിനകം രാജ്യം വിടണമെന്ന കര്‍ശന നിലപാടും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.

    ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നിലാണ് സിഖ് നേതാവും ഖലിസ്ഥാന്‍ വാദിയുമായ ഹര്‍ദീപ് സിങ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാവാമെന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പൊടുന്നനെ വിള്ളലുണ്ടാക്കിയത്. പിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തു. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍, സമാനതസ്തികയിലുള്ള കനേഡിയന്‍ ഉദ്യോഗസ്ഥനെയും പുറത്താക്കുകയായിരുന്നു.

Tags: