ഇന്ത്യാസഖ്യ റാലി ഡല്‍ഹിയില്‍ തുടങ്ങി; 28 പാര്‍ട്ടികള്‍ അണിനിരക്കുന്നു

Update: 2024-03-31 06:48 GMT

ന്യൂഡല്‍ഹി: ഇന്ത്യാസഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും ശക്തിപ്രകടനം ഡല്‍ഹിയില്‍ തുടങ്ങി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് പ്രകടനം. 'ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 2 വരെ രാംലീല മൈതാനത്ത് നടക്കുന്ന റാലിയില്‍ 28 പാര്‍ട്ടികള്‍ പങ്കെടുക്കുന്നുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെയാണ് ആദ്യം റാലി പ്രഖ്യാപിച്ചതെങ്കിലും വ്യക്തികേന്ദ്രീകൃതമാക്കാതെ സഖ്യത്തിന്റെ കൂട്ടായ പ്രതിരോധമെന്ന ധാരണയിലേക്കു പിന്നീട് നേതാക്കളെത്തി. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉള്‍പ്പെടെ ഇന്ത്യാസഖ്യത്തിന്റെ മറ്റ് ഒട്ടേറെ നേതാക്കളും ജയിലിലാണ്. അതേസമയം റാലി കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ തന്നെയാണെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് കോണ്‍ഗ്രസിനെ അറിയിച്ചു. ജനവികാരം തിരിച്ചറിഞ്ഞാണ് പ്രക്ഷോഭമെന്നും അദ്ദേഹം അറിയിച്ചു. സുനിത കെജ്രിവാള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.






Tags: