'ഇന്ത്യ ഒരു ജനാധിപത്യ രാജ്യം'; കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി

ഇത്തരം നിസാര ഹരജികള്‍ നല്‍കുന്ന വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഹരജി തള്ളിക്കൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി.

Update: 2021-07-05 13:57 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രിംകോടതി തള്ളി. ഇത്തരം നിസാര ഹരജികള്‍ നല്‍കുന്ന വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഹരജി തള്ളിക്കൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി. 'ഇന്ത്യ ഒരു ജനാധിപത്യമാണ്, എന്നകാര്യം നിങ്ങള്‍ക്കറിയാമോ?' വിവിധ തരത്തിലുള്ള രാഷ്ട്രീയപ്രചാരണങ്ങളെ നിയന്ത്രിക്കാന്‍ ഒരു കോടതിക്ക് കഴിയുമോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഹരജിക്കാരനോട് ചോദിച്ചു. 'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍' നടത്തിയെന്ന് തെളിയിക്കപ്പെട്ടാല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഹരജിക്കാരന് ടൂള്‍കിറ്റ് ഇഷ്ടമല്ലെങ്കില്‍ പിന്നെ നോക്കരുത്, അതിനെ അവഗണിച്ചാല്‍ പോരേ എന്നായിരുന്നു സുപ്രിംകോടതിയുടെ മറുപടി. അതെല്ലാം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ തന്ത്രം മാത്രമാണ്. ഇത്തരം നിസാര ഹരജികള്‍ പരിഗണിക്കാനാവില്ലെന്നും കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഓര്‍മപ്പെടുത്തി. കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നതടക്കമുള്ള പ്രയോഗങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നതാണെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ശശാങ്ക് ശങ്കര്‍ ശേഖര്‍ വര്‍മ പറഞ്ഞു. സിംഗപ്പൂര്‍ വകഭേദം പോലുള്ള പ്രയോഗങ്ങള്‍ നടത്തുന്നതില്‍ സിംഗപ്പൂര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കാര്യം അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന കാര്യം താങ്കള്‍ക്ക് അറിയില്ലേയെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്റെ മറുചോദ്യം. ടൂള്‍കിറ്റ് വിഷയത്തില്‍ ഇതിനകം ക്രിമിനല്‍ കേസ് അന്വേഷണം പുരോഗമിക്കുന്ന കാര്യം രണ്ടംഗ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് എം ആര്‍ ഷാ ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 32 പ്രകാരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതിക്ക് കഴിയില്ലെന്നും ഹരജി നിലനില്‍ക്കില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയ്യാറാക്കിയെന്നാരോപിച്ചാണ് ബിജെപി രംഗത്തുവന്നത്.

കൊവിഡിന്റെ പുതിയ വകഭേദത്തിന് ഇന്ത്യന്‍ വകഭേദമെന്ന് തന്നെ ഉപയോഗിക്കണം, സാമൂഹിക മാധ്യമങ്ങളില്‍ മോദി വകഭേദം എന്നും പ്രയോഗിക്കാം. സെന്‍ട്രല്‍ വിസ്ത പദ്ധതി മോദിയുടെ സ്വകാര്യവസതിയായി ചര്‍ച്ചകളില്‍ അവതരിപ്പിക്കണം. പിഎം കെയര്‍ ഫണ്ടിനെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തണം. കുംഭമേളയെ കൊവിഡ് വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുമ്പോള്‍ ഈദ് ഗാഹുകളെ ഒത്തുചേരലുകള്‍ മാത്രമായും അവതരിപ്പിക്കണം തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റേതെന്ന പേരില്‍ ബിജെപി പ്രചരിപ്പിക്കുന്ന ടൂള്‍കിറ്റിലുണ്ടായിരുന്നത്.

Tags: