വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കത്തുന്നു, അസമില്‍ ഇന്ന് ബന്ദ്, അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ കല്ലേറ്, റെയില്‍വേ സ്‌റ്റേഷന് തീവെച്ചു

ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങളാണ് പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയത്. ദേശീയ, സംസ്ഥാന പാതകള്‍ തടസ്സപ്പെടുത്തി. പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചതായും സംശയമുണ്ട്.

Update: 2019-12-12 01:42 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും കടന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിപ്പടരുന്നു. അസമിലും ത്രിപുരയിലും ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നാലെ പലയിടത്തും സംഘര്‍ഷം ഉണ്ടായി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ വീടിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വസതിയിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോലിസ് സുപ്രണ്ട് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.ബിജെപി എംഎല്‍എ പ്രശാന്ത് ഫുകാന്റെയും മുതിര്‍ന്ന നേതാവ് സുഭാഷ് ദത്തയുടെയും വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.

അതിനിടെ, അസമില്‍ ഉള്‍ഫ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. അസമിലെ രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. പാണിട്ടോല, ചബുവ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കാണ് തീയിട്ടത്. ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങളാണ് പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയത്. ദേശീയ, സംസ്ഥാന പാതകള്‍ തടസ്സപ്പെടുത്തി. പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചതായും സംശയമുണ്ട്.

അസമിലും ത്രിപുരയിലും ചില ജില്ലകളില്‍ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അസമിലെ ലഖിംപുര്‍, തിന്‍സുകിയ, ദേമാജി, ദിബ്രുഗഡ്, ചാരായിദിയോ, ശിവസാഗര്‍, ജോര്‍ഘട്ട്, കാംരൂപ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. നിരവധിയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. പ്രക്ഷോഭം വ്യാപിച്ചതിനെ തുടര്‍ന്ന് 12ഓളം ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി. ഗുവാഹത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. അസം റൈഫിള്‍സിനെയും പ്രക്ഷോഭകാരികളെ നേരിടാന്‍ രംഗത്തിറക്കിയിട്ടുണ്ട്. ത്രിപുരയിലും കേന്ദ്ര സേനയെ വിന്യസിച്ചു.

നാഗാലാന്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് ബില്ലിനെതിരെ രംഗത്തിറങ്ങി. അസമില്‍ കൃഷക് മുക്തി സന്‍ഗ്രം എന്ന സംഘടന അനിശ്ചിത കാലത്തേക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വടക്കികിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സൈനിക കേന്ദ്രം വ്യക്തമാക്കി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്പ്രിയ ഗുവാഹത്തി അന്താരാഷ്ട്ര വിമാത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി. തെസ്പൂരിലേക്ക് പിന്നീട് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി തിരിച്ചത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം മാറ്റിവെച്ചിട്ടുണ്ട്.

Tags:    

Similar News