മുഷിഞ്ഞ വസ്ത്രമെന്ന്; കര്‍ഷകനെ മെട്രോയില്‍ കയറുന്നത് വിലക്കി, സസ്‌പെന്‍ഷന്‍

Update: 2024-02-26 16:47 GMT

ബെംഗളൂരു: മുഷിഞ്ഞ വസ്ത്രം ധരിച്ചെന്ന് പറഞ്ഞ് കര്‍ഷകനെ മെട്രോ ട്രെയിന്‍ സര്‍വീസ് ഉപയോഗിക്കുന്നതില്‍നിന്നു വിലക്കി. സംഭവത്തെ മറ്റൊരു യാത്രക്കാരന്‍ ചോദ്യം ചെയ്യുകയും വീഡിയോ പകര്‍ത്തി സാമൂഹികമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ ബെംഗളുരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ബെംഗളൂരുവിലെ രാജാജിനഗര്‍ മെട്രോ സ്‌റ്റേഷനിലാണ് അതിവിചിത്രവും പ്രതിഷേധാര്‍ഹവുമായ സംഭവം അരങ്ങേറിയത്. ഫെബ്രുവരി 18ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്. ഇതോടെ വ്യാപക പ്രതിഷേധം ഉയരുകയും അധികൃതര്‍ ഇടപെട്ട് സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെതിരേ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ബിഎംആര്‍എല്ലിന്റെ സുരക്ഷാ ജീവനക്കാരുടെ നടപടിയെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.   

Full View

തലയില്‍ ഒരുചാക്കുകെട്ടില്‍ സാധനങ്ങളുമായി വയോധികനായ കര്‍ഷകന്‍ മെട്രോ റെയിലിന്റെ ചെക്കിങ് ഏരിയയില്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. മണ്ണ് പുരണ്ട വസ്ത്രങ്ങളും മറ്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. തലയിലുള്ള കെട്ടും മുഷിഞ്ഞ നിലയിലായിരുന്നു. ഇതുകണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ കര്‍ഷകനോട് മെട്രോയില്‍ കയറാന്‍ പാടില്ലെന്നു പറഞ്ഞ് വിലക്കുകയായിരുന്നു. കര്‍ഷകന്റെ തൊട്ടടുത്ത് സെക്യൂരിറ്റി ചെക്കിനായി വരിയില്‍ നിന്ന കാര്‍ത്തിക് സി ഐരാണി എന്ന യാത്രക്കാരന്‍ ഉടന്‍ ഇടപെട്ടു. എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മെട്രോയില്‍ കയറ്റാത്തതെന്ന് ചോദ്യം ചെയ്തു. മെട്രോ യാത്രക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയിട്ടുള്ള നിയമമുണ്ടെങ്കില്‍ കാണിക്കണമെന്നും മെട്രോ വിഐപികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ എന്നും യാത്രക്കാരന്‍ ചോദിച്ചു. മെട്രോ യാത്രയ്ക്കുള്ള ടിക്കറ്റെടുത്ത കര്‍ഷകനാവട്ടെ നിരോധിച്ച സാധനങ്ങളൊന്നും തന്റെ ചാക്കില്‍ ഇല്ലെന്നു മറുപടി നല്‍കുകയും ചെയ്തു. അല്‍പ്പനേരത്തെ വാക്കുതര്‍ക്കത്തിനു ശേഷം, യാത്രക്കാരന്‍ കര്‍ഷകനെയും കൂട്ടി മെട്രോയില്‍ യാത്ര ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അന്വേഷണം നടത്തുകയും സൂപര്‍വൈസറെ സസ്‌പെന്റ് ചെയ്തതായി അറിയിക്കുകയും ചെയ്തു. മെട്രോ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു പൊതുഗതാഗതമാണെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും ബിഎംആര്‍സിഎല്‍ അറിയിച്ചു.

Tags: