ഡല്‍ഹി അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് യുപിയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

Update: 2020-03-04 15:20 GMT

ബുലന്ദ്ഷഹര്‍(യുപി): ഡല്‍ഹി ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ക്ക് ഹിന്ദുത്വരുടെ ക്രൂരമര്‍ദ്ദനം. പടിഞ്ഞാറന്‍ യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് രണ്ടു യുവാക്കളെ ഏഴോളം പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്. മതപരമായ അധിക്ഷേപം നടത്തുകയും പശുക്കശാപ്പ് നടത്തിയെന്ന് ആരോപിക്കുകയും ചെയ്ത അക്രമിസംഘം ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

    ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആറ് മുതല്‍ ഏഴുവരെ പുരുഷന്‍മാര്‍ ഇരുവരെയും ആവര്‍ത്തിച്ച് ആക്രമിക്കുന്നതാണു വീഡിയോയിലുള്ളത്. വേദന കൊണ്ട് നിലവിളിക്കുകയും കരുണയ്ക്കായി യാചിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ആക്രമണകാരികളില്‍ മഞ്ഞ പാന്റും ഓറഞ്ച് ജാക്കറ്റും ധരിച്ച ഒരാള്‍ വടി കൊണ്ട് അടിക്കുകയും റോഡരികില്‍ നിര്‍ത്തിയിട്ട സില്‍വര്‍ നിറത്തിലുള്ള കാറിന്റെ സമീപത്തെത്തിച്ച് മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. അക്രമികളോട് യാചിക്കുന്ന മുസ് ലിം യുവാവ് അക്രമിയെ 'ഭായ്'(സഹോദരന്‍) എന്നാണ് അഭിസംബോധന ചെയ്യുന്നത്.

    ആക്രമണത്തിന്റെ വീഡിയോ ആരാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. കാറിനടുത്തു വച്ച് യുവാക്കളെ ആക്രമിക്കുന്നതു സമീപത്ത് ബൈക്കിലിരുന്ന് വീക്ഷിക്കുന്നതും കാണാം. 'ഞങ്ങള്‍ കാരറ്റ് വാങ്ങാന്‍ മാര്‍ക്കറ്റിലേക്കു പോവുകയായിരുന്നു. അപ്പോള്‍ അവര്‍ (ആക്രമണകാരികള്‍) ഞങ്ങളുടെ മുന്നില്‍ ബൈക്കുകള്‍ നിര്‍ത്തിയിട്ട് ഞങ്ങളെ വലിച്ചിഴച്ചു. ആറോ ഏഴോ പേരാണുണ്ടായിരുന്നത്. ചങ്ങലയും ആയുധങ്ങളുമായി ഏതാനുംപേര്‍ കാത്തുനില്‍ക്കുന്ന സ്ഥലത്തേക്ക് തന്നെയും സുഹൃത്തിനെയും വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. എന്നിട്ട് ഇത് ഡല്‍ഹിയാണെന്ന് നിങ്ങള്‍ കരുതിയോ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും യുവാക്കള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹി ആക്രമണവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ എല്ലാവരും ഇവിടെ സഹോദരന്മാരെ പോലെയാണ് കഴിയുന്നതെന്നും അവര്‍ പറഞ്ഞു.

    സംഭവത്തില്‍ ബുലന്ദ്ഷഹര്‍ പോലിസ് അന്വേഷിക്കുന്നുണ്ടെങ്കിലും പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ആക്രമണത്തിന് കാരണങ്ങളൊന്നും പരാമര്‍ശിക്കുന്നില്ല. പൗരത്വ രത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനു നേരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച ഹിന്ദുത്വര്‍ നടത്തിയ ആക്രമങ്ങളില്‍ 50 ഓളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



Tags:    

Similar News