തൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍

തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം വിതരണം ചെയ്തു.

Update: 2022-05-23 10:06 GMT

തൃശൂര്‍: തൃശൂർ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി. പത്തോളം സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കളാണ് കോൺ​ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘവും ഇതോടെ ബിജെപിയുടെ കൈയിലെത്തി.

യുഡിഎഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും ഒബിസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ മോഹനന്‍, യുഡിഎഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും ഐഎന്‍ടിയുസി ജില്ല ജനറല്‍ സെക്രട്ടറിയുമായ അനില്‍ പൊറ്റേക്കാട്, നടത്തറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡിസിസി അംഗവുമായ സജിത ബാബുരാജ്, ഒബിസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘം ഡയറക്ടറും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ടി എം നന്ദകുമാര്‍, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘം ഡയറക്ടറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്, ഐഎന്‍ടിയുസി ഒല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഒല്ലൂര്‍ സഹകരണ സംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങല്‍, ജവഹര്‍ ബാലഭവന്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഭാരവാഹിയുമായ മാലതി വിജയന്‍, തൃശൂര്‍ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ഷിജു വെളിയന്നൂര്‍കാരന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം വിതരണം ചെയ്തു. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും എഐവൈഎഫ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ല ജോയിന്റ് സെക്രട്ടറിയും തൃശൂര്‍ മള്‍ട്ടിപര്‍പ്പസ് ബാങ്ക് ഡയറക്ടറുമായ സുനില്‍കുമാറും സുരേന്ദ്രനില്‍ നിന്ന് ബിജെപി അംഗത്വം എടുത്തവരിലുണ്ട്. 

Similar News