തൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
നിലവിൽ സിപിഐ ഒല്ലൂക്കര ലോക്കൽ കമ്മിറ്റി അംഗമാണ് സുനിൽ കുമാർ. നേരത്തെ ഒല്ലൂക്കര ലോക്കൽ സെക്രട്ടറിയായും എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ: തൃശൂർ ജില്ലയിലെ സിപിഐ നേതാവും എഐവൈഎഫ് മുൻ സംസ്ഥാന സമിതി അംഗവുമായ സുനിൽ കുമാർ വല്ലത്ത് സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു. തൃശൂരിൽ നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിച്ചു. എന്നാൽ സുനിൽ കുമാർ ലോക്കൽ കമ്മിറ്റി അംഗമാണെന്ന കാര്യം അറിയില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
നിലവിൽ സിപിഐ ഒല്ലൂക്കര ലോക്കൽ കമ്മിറ്റി അംഗമാണ് സുനിൽ കുമാർ. നേരത്തെ ഒല്ലൂക്കര ലോക്കൽ സെക്രട്ടറിയായും എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂരിലെ മൾട്ടി പർപ്പസ് ബാങ്ക് ഡയരക്ടർ ബോർഡ് അംഗം കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹം ബിജെപിയിൽ ചേർന്നെങ്കിലും സിപിഐയിൽ നിന്ന് പുറത്താക്കിയതായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സംഘടനയ്ക്കകത്തെ പ്രശ്നങ്ങളും സിപിഐയുമായി ഒത്തുപോകാൻ കഴിയാത്തതിനാലാണ് പാർട്ടി വിട്ടതെന്ന് സുനിൽ കുമാർ പറഞ്ഞു. ബിജെപി പ്രാഥമിക അംഗത്വം സ്വീകരിച്ചെന്നും രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകി ഭരണം നൽകിയ പ്രസ്ഥാനത്തെ വർഗീയ പ്രസ്ഥാനമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ നിന്ന് പുറത്തുപോയ സുനിൽ കുമാർ ലോക്കൽ കമ്മിറ്റി അംഗമാണെന്ന കാര്യം അറിയില്ലെന്ന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് പറഞ്ഞു. അതേസമയം സുനിൽ കുമാർ നിലവിൽ സിപിഐ ഒല്ലൂക്കര ലോക്കൽ കമ്മിറ്റി അംഗമാണെന്നും ബിജെപിയിൽ ചേർന്നിട്ടും അദ്ദേഹത്തിനെതിരേ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നുമാണ് പാർട്ടിക്കകത്ത് നിന്ന് ലഭിക്കുന്ന വിവരം.
