ഇന്ത്യന്‍-ചൈനീസ് സൈനിക ഉദ്യോഗസ്ഥരുടെ ചര്‍ച്ച; വിട്ടുവീഴ്ച്ചക്കില്ലെന്ന് ചൈന

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ചൈനീസ് സൈന്യം പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്ന് പിന്മാറി, മുന്‍സ്ഥിതി സ്ഥാപിക്കണം എന്നതായിരുന്നു ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവെച്ച പ്രധാന ആവശ്യം.

Update: 2020-06-10 10:43 GMT

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഇന്ത്യന്‍ ചൈനീസ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമായില്ലെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറല്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയതെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു. സൈനികകാര്യ വിദഗ്ധനും മുന്‍ സൈനികനുമായ അജയ് ശുക്ലയുടേതാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ചൈനീസ് സൈന്യം പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്ന് പിന്മാറി, മുന്‍സ്ഥിതി സ്ഥാപിക്കണം എന്നതായിരുന്നു ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ പോലും ചൈന സന്നദ്ധരായില്ല. ഗല്‍വാന്‍ നദീതാഴ്‌വര സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുപകരം ഈ പ്രദേശം മുഴുവനും തങ്ങളുടേതാണെന്ന നിലപാടാണ് ചൈനീസ് പ്രതിനിധി സ്വീകരിച്ചത്. മൂന്നു മണിക്കൂറോളം നീണ്ട സംഭാഷണത്തില്‍'സംഘര്‍ഷം നിലനില്‍ക്കുന്ന അഞ്ച് സ്ഥലങ്ങള്‍ സമ്മതിക്കുകയും തിരിച്ചറിയുകയും ചെയ്തു' എന്നു മാത്രമാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

ശനിയാഴ്ച നടന്ന ചര്‍ച്ചയിലെ തീരുമാനപ്രകാരം ഇരുസൈന്യങ്ങളും നേരിയ തോതില്‍ പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ലേ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരിന്ദര്‍ സിങും ചൈനീസ് സൈന്യത്തിലെ മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷം സംയുക്തപ്രസ്താവന പുറത്തിറക്കിയിട്ടില്ല. യോഗത്തിലെ തീരുമാനങ്ങളെപ്പറ്റി കേന്ദ്രസര്‍ക്കാറും ചൈനീസ് ഗവണ്‍മെന്റും ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‍കിയതുമില്ല. പ്രശ്‌നപരിഹാരത്തിനായി ജൂനിയര്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച തുടര്‍ന്നേക്കും. 

Tags:    

Similar News