മധ്യപ്രദേശില്‍ ബിജെപിയില്‍ ചേര്‍ന്ന നേതാവിനെ യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാക്കി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവിനെ യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാക്കി. പുതിയ ജനറല്‍ സെക്രട്ടറിയെ അനുമോദിച്ച് സന്ദേശങ്ങള്‍ എത്തിത്തുടങ്ങിയതോടെയാണ് നേതാക്കള്‍ക്ക് അബദ്ധം മനസ്സിലായത്. തുടര്‍ന്ന് തിരഞ്ഞെടുപ്പും റദ്ദാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗത്വം സ്വീകരിച്ച മുന്‍ കോണ്‍ഗ്രസ്സ് നേതാവ് ഹര്‍ഷിത് സിങ്ഹായിയാണ് മധ്യപ്രദേശിലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രയായി തിരഞ്ഞെടുക്കപ്പെട്ടത്.
ബിജെപിയിലേക്ക് കൂറുമാറുമ്പോള്‍ എന്‍എസ്ഐയുവിന്റെ ജബല്‍പുര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു ഹര്‍ഷിത്. പാര്‍ട്ടി വിട്ടപ്പോള്‍ തന്നെ താന്‍ രാജിക്കത്ത് നല്‍കിയിരുന്നതായും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതായി സൂചിപ്പിച്ച് ഇ മെയില്‍ സന്ദേശമയച്ചിരുന്നതായും ഹര്‍ഷിത് പറഞ്ഞു. എന്നാല്‍ ഹര്‍ഷിതില്‍ നിന്ന് ഇത്തരത്തില്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു. പാര്‍ട്ടിയിലില്ലാത്തവരെ വരെ തെരഞ്ഞെടുക്കുകയാണ് മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് എന്ന് താന്‍ കമല്‍ നാഥിനെയും രാഹുല്‍ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്' ഹര്‍ഷിത് പറഞ്ഞു.
2018 ലാണ് പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. ഹര്‍ഷിതും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും കാരണം യൂത്ത് കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. നിലവില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോഴും മധ്യപ്രദേശിലെ അടിസ്ഥന ഘടകങ്ങളിലെ അവസ്ഥയെക്കുറിച്ച് ധാരണയില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.