പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട് ഭിക്ഷാടകന് നേരെ ഹിന്ദുത്വരുടെ ആക്രമണം; അഞ്ചു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

നിസ്സഹായരായ മുസ്‌ലിംങ്ങളെ ലക്ഷ്യം വച്ച് തീവ്ര ഹിന്ദുത്വ വലതുപക്ഷം നടത്തുന്ന അക്രമണ സംഭവങ്ങള്‍ വര്‍ധിക്കുന്നിനിടെയാണ് രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ സുഭാഷ് നഗര്‍ പ്രദേശത്ത് ആക്രമണ സംഭവം അരങ്ങേറിയത്.

Update: 2021-08-24 13:46 GMT

ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട് ഭിക്ഷാടകനായ മുസ്‌ലിം യുവാവിനെ ഹിന്ദുത്വ സംഘം ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെതുടര്‍ന്ന് രാജസ്ഥാന്‍ പോലിസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിസ്സഹായരായ മുസ്‌ലിംങ്ങളെ ലക്ഷ്യം വച്ച് തീവ്ര ഹിന്ദുത്വ വലതുപക്ഷം നടത്തുന്ന അക്രമണ സംഭവങ്ങള്‍ വര്‍ധിക്കുന്നിനിടെയാണ് രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ സുഭാഷ് നഗര്‍ പ്രദേശത്ത് ആക്രമണ സംഭവം അരങ്ങേറിയത്.

ഹിന്ദുത്വ സംഘം ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ ഇര ഭിക്ഷ തേടുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടതോടെ വീഡിയോയില്‍ ഉള്‍പ്പെട്ടെ അഞ്ചു പേര്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അജ്മീര്‍ പോലിസ് പറഞ്ഞു.

തുടക്കത്തില്‍ പോലിസ് എഫ്‌ഐആറില്‍ 151 ാം വകുപ്പ് മാത്രമാണ് ചുമത്തിയിരുന്നത്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്നും കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോവാന്‍ ഇതിലൂടെ കഴിയുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

തുടര്‍ന്ന് ചൊവ്വാഴ്ച 153 എ (വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത പ്രോത്സാഹിപ്പിക്കല്‍), 295 എ (മത വികാരം വ്രണപ്പെടുത്തല്‍), 323 (ഉപദ്രവമുണ്ടാക്കല്‍), 341 തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയതായി അജ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.



Tags: