സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീത്തടവുകാരെയും ഉടന്‍ വിട്ടയക്കാന്‍ ഇടപെടണം; ആംനസ്റ്റിക്കും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനും കത്തയച്ച് എന്‍സിഎച്ച്ആര്‍ഒ

കുപ്രസിദ്ധമായ ഭീമാ കൊറേഗാവ് കേസില്‍ ജയിലിലടച്ചവര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയത്തടവുകാര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുകയാണ്. ഇവര്‍ക്കെതിരായ കുറ്റകൃത്യങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയകാരണങ്ങളാല്‍ മാത്രമാണ് അവരെ ജയിലില്‍ അടച്ചിരിക്കുന്നത്.

Update: 2021-04-26 17:01 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയത്തടവുകാരെയും ഉടന്‍ വിട്ടയക്കാന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ്‌ (എന്‍സിഎച്ച്ആര്‍ഒ) ആംനസ്റ്റി ഇന്റര്‍നാഷനലിനും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനും കത്തയച്ചു. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്ന വഴിയാണ് ഡല്‍ഹിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുപി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അദ്ദേഹം ജയിലിലാണ്. അടിസ്ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തി തീര്‍ത്തും അന്യായമായാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചിരിക്കുന്നത്. സിദ്ദീഖ് കാപ്പന് ജയിലില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ ടോയ്‌ലറ്റില്‍ പോവാന്‍ പോലും അനുവദിക്കാതെ ആശുപത്രി അധികൃതര്‍ കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണ്. അനങ്ങാന്‍ പോലും അനുവദിക്കുന്നില്ല. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണംപോലും നല്‍കുന്നില്ല. ടോയ്‌ലറ്റില്‍ വിടാതെ മലമൂത്രവിസമര്‍ജനം നടത്തുന്നതിന് ഒരു ബോട്ടില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.

വലതുപക്ഷ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രതീകമാണ് കാപ്പനെന്ന് എന്‍സിഎച്ച്ആര്‍ഒ ചെയര്‍പേഴ്‌സന്‍ പ്രഫ. എ മാര്‍ക്‌സ്, ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ എന്നിവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കുപ്രസിദ്ധമായ ഭീമാ കൊറേഗാവ് കേസില്‍ ജയിലിലടച്ചവര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയത്തടവുകാര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുകയാണ്. ഇവര്‍ക്കെതിരായ കുറ്റകൃത്യങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയകാരണങ്ങളാല്‍ മാത്രമാണ് അവരെ ജയിലില്‍ അടച്ചിരിക്കുന്നത്. കാപ്പനെ പോലുള്ളവരുടെ മൗലികാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു.

ആളുകളെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന അവസ്ഥയുടെ തെളിവാണ് കാപ്പന് കൊവിഡ് പിടിപെട്ട സംഭവമെന്ന് എന്‍സിഎച്ച്ആര്‍ഒ കത്തില്‍ പറഞ്ഞു. കാപ്പന്‍ തടവിലാക്കപ്പെട്ട അതേ ജയിലില്‍ മറ്റ് 50 ഓളം തടവുകാര്‍ക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ വെളിച്ചത്തിലും തടവുകാര്‍ക്ക് വൈറസ് പകരുന്നതും കണക്കിലെടുത്തും എല്ലാ രാഷ്ട്രീയത്തടവുകാരെയും ഉടന്‍ മോചിപ്പിക്കാന്‍ അടിയന്തര പിന്തുണയും ഇടപെടലുമുണ്ടാവണം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനും കത്ത് അയച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ അവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ അധികാരികള്‍ക്ക് മേല്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഭാരവാഹികള്‍ കത്തില്‍ ആവശ്യപ്പെട്ടു.

Tags: