തമിഴ്‌നാട്ടിലെ വിദേശികളായ 108 മുസ്‌ലിംകളുടെ നിയമവിരുദ്ധ അറസ്റ്റും തടങ്കലും: പോപുലര്‍ ഫ്രണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കൊവിഡ് 19 പകര്‍ച്ചാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ദുരുപയോഗം ചെയ്ത് തബ്‌ലീഗ് ജമാഅത്തിന്റെ അധ്യാപനത്തിലും ആശയങ്ങളിലും വിശ്വസിക്കുന്ന എത്യോപ്യ, തായ്‌ലന്‍ഡ്, ഇന്തോനേസ്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഫ്രാന്‍സ്, ബെല്‍ജിയം, കോംഗോ, കാമറൂണ്‍ എന്നീ ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കെതിരേ മോദി-അമിത് ഷാ സര്‍ക്കാരും അവരുടെ പാവയായ തമിഴ്നാട് സര്‍ക്കാരും 12 ക്രിമിനല്‍ കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

Update: 2020-05-19 18:56 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരായ 108 വിദേശ മുസ്‌ലിംകളെ കള്ളക്കേസ് ചുമത്തി അനധികൃതമായി അറസ്റ്റ് ചെയ്യുകയും തുറങ്കിലടയ്ക്കുകയും ചെയ്ത സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. 

കൊവിഡ് 19 പകര്‍ച്ചാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ദുരുപയോഗം ചെയ്ത് തബ്‌ലീഗ് ജമാഅത്തിന്റെ അധ്യാപനത്തിലും ആശയങ്ങളിലും വിശ്വസിക്കുന്ന എത്യോപ്യ, തായ്‌ലന്‍ഡ്, ഇന്തോനേസ്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഫ്രാന്‍സ്, ബെല്‍ജിയം, കോംഗോ, കാമറൂണ്‍ എന്നീ ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കെതിരേ മോദി-അമിത് ഷാ സര്‍ക്കാരും അവരുടെ പാവയായ തമിഴ്നാട് സര്‍ക്കാരും 12 ക്രിമിനല്‍ കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. മതവിവേചനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരു സര്‍ക്കാരുകളുടേയും ഈ നടപടി.

ഇവരെ അനധികൃതമായി അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തതിനെതിരേയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തമിഴ്നാട് സംസ്ഥാന സെക്രട്ടറി എം നാഗൂര്‍ മീരാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് (എന്‍എച്ച്ആര്‍സി) സമീപിച്ചത്. രാജ്യ വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് മാര്‍ച്ച് 23ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി വിവിധ മസ്ജിദുകളില്‍ താമസിക്കുകയായിരുന്നു ഇവര്‍. മാര്‍ച്ച് 24ന് അര്‍ധരാത്രി മുന്നൊരുക്കങ്ങളില്ലാതെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തതോടെ അവര്‍ക്ക് മറ്റെവിടെയെങ്കിലും പോകാനോ അതാതു രാജ്യങ്ങളിലേക്ക് മടങ്ങാനോ കഴിയാതെ വരികയായിരുന്നു.

ഡല്‍ഹി നിസാമുദ്ധീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനും അവരെ ക്വാറന്റൈനിലാക്കാനും മാര്‍ച്ച് 21 മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം (എംഎച്ച്എ) എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും ഡല്‍ഹിയിലെ പോലിസ് കമ്മീഷണര്‍ക്കും നിരന്തരം സര്‍ക്കുലറുകള്‍ നല്‍കിയിരുന്നു. ഇവരുടെ വിശദാംശങ്ങളും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതുപ്രകാരം തബ് ലീഗിന്റെ വിദേശികളും സ്വദേശികളുമായ മുഴുവന്‍ പ്രവര്‍ത്തകരെയും കണ്ടെത്തുകയും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ ക്വാറന്റൈനിലാക്കുകയും ചെയ്തിരുന്നു.

അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രില്‍ 2ന് എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാര്‍ക്ക് പക്ഷപാതപരവും മുന്‍കൂട്ടി നിശ്ചയിച്ചതുമായ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തി തബ്‌ലീഗ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ 960 വിദേശികളെ കരിമ്പട്ടികയില്‍ പെടുത്തിയതായും ഇവര്‍ക്കെതിരേ ഫോറിന്‍ നിയമത്തിലേയും ദേശീയ ദുരന്ത നിവാരണ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ സര്‍ക്കുലര്‍.ദുരുദ്ദേശ പരവും മതപരമായ പക്ഷപാതവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല ആ സര്‍ക്കുലര്‍.

കാരണം, മഠം, ആശ്രമം മുതലായവയിലെ മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത നിരവധി അമുസ്ലിം വിദേശ പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തുകയോ അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അതേസമയം, കേന്ദ്രത്തിലെ ബിജെപി, മതപരമായ കാഴ്ചപ്പാടോടെ തബ്‌ലീഗ് ജമാഅത്തിനെ ലക്ഷ്യമിടുകയായിരുന്നു.

ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നതു പോലെ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ അവര്‍ നിന്നയിടങ്ങളില്‍

തബ്‌ലീഗ് ജമാഅത്തിന്റെ ഒരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മറ്റു സമുദായങ്ങളിലുള്ളവരെ പോലെ ഈ തബ്‌ലീഗ് പ്രവര്‍ത്തകരും സാധുവായ ടൂറിസ്റ്റ് വിസയില്‍ ആത്മീയ ടൂറിസത്തിന് ഇന്ത്യയിലെത്തിയവരാണ്.

സര്‍ക്കുലര്‍ ലഭിച്ച ശേഷം തമിഴ്നാട്ടിലെ ബിജെപിയുടെ പാവ സര്‍ക്കാരും അതിന്റെ പോലീസും വിവിധ ജില്ലകളില്‍ 11 സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങളില്‍നിന്നെത്തിയ 108 പേര്‍ക്കെതിരേ 12 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇവരുടെ ക്വാറന്റൈന്‍ കാലയളവ് തീര്‍ന്നതിനുപിന്നാലെ ഒരു കേസ് പോലുമില്ലാതെ ഇവരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുകയും സെന്‍ട്രല്‍ ജയില്‍, ചെന്നൈയിലെ പുജാല്‍ ഉള്‍പ്പെടെയുള്ള വിവിധ ജയിലുകളില്‍ അടയ്ക്കുകയുമായിരുന്നു.

നീഡമംഗലത്ത് മ്യാന്‍മറില്‍നിന്നുള്ള 13 പേരെ റിമാന്‍ഡിനായി ഹാജരാക്കിയപ്പോള്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. തടവുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം തടയുന്നതിനുള്ള സുപ്രിം കോടതിയുടെ നിര്‍ദേശവും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സര്‍ക്കുലറും മാനിച്ചായിരുന്നു ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

രാഷ്ട്രീയ കാരണങ്ങളാലാണ് ഈ അറസ്റ്റുകള്‍. കൊവിഡ് വ്യാപനം തടയുന്നതില്‍ തടയുന്നതില്‍ സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറയ്ക്കാനും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം രാജ്യതലസ്ഥാനത്ത് കുടുങ്ങിയ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി തങ്ങളുടെ സ്വദേശങ്ങളിലേക്ക് മടങ്ങിയത് വന്‍വാര്‍ത്താ പ്രാധാന്യം കൈവരിച്ചതോടെ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരാജയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വ്യാപനത്തിന് സാമുദായിക നിറം നല്‍കുകയായിരുന്നു. തുടര്‍ന്ന് മുസ്‌ലിം വിദേശ പൗരന്മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും തുടര്‍ന്നുള്ള അറസ്റ്റുകള്‍ തമിഴ്നാട് പോലീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തുകയും ചെയ്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ മാത്രമല്ല അറസ്റ്റ്, റിമാന്‍ഡ്, തടങ്കല്‍ തുടങ്ങിയവയിലും കടുത്ത നിയമലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് പോലിസ് നടത്തിയത്.

ഈ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി, തെറ്റ് ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിയോ മറ്റ് മറ്റ് അനുയോജ്യമായ നടപടികളോ ആരംഭിക്കണമെന്നും മാനസിക ദുരിതത്തിന് ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നാഗൂര്‍ മീരാന്‍ എന്‍എച്ച്ആര്‍സിക്ക് മുന്നില്‍ ഈ മാസം ഒമ്പതിന് പരാതി നല്‍കിയത്. ഇന്നലെ പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ഉടന്‍ തന്നെ വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്യും. 

Tags:    

Similar News