അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

Update: 2020-11-09 07:46 GMT

കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി കെ വി ജയകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ എം ആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് എസ്പിയോട് പ്രാഥമികാന്വേഷണം നടത്താനാണ് നിര്‍ദേശം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ മൊഴി നല്‍കാനെത്തിയിരിക്കുകയാണ്. ഇഡിയുടെ ആവശ്യപ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഓഫിസിലെത്തിയത്.

    കോഴിക്കോട് വേങ്ങേരി വില്ലേജില്‍ കെ എം ഷാജി നിര്‍മിച്ച വീട് സംബന്ധിച്ച വിവരങ്ങള്‍ നേരത്തേ കോഴിക്കോട് കോര്‍പറേഷന്‍ അധികൃതരില്‍നിന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിരുന്നു. വീട്ടില്‍ പരിശോധന നടത്തിയ കോര്‍പറേഷന്‍ അധികൃതര്‍ അനുവദനീയമായതിലും വലിപ്പത്തില്‍ വീട് നിര്‍മിച്ചതായി കണ്ടെത്തുകയും പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

    അഴീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്ലസ് ടു അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ലീഗ് പ്രാദേശിക നേതാവായിരുന്ന നൗഷാദ് പൂതപ്പാറയുടെ ആരോപണത്തിനു പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തിരുന്നത്. വീടുമായി ബന്ധപ്പെട്ട പരാതിയില്‍ പിഎസ് സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി ടി ഇസ്മയിലില്‍നിന്നു കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് മൊഴിയെടുത്തിരുന്നു. മൂന്നുപേര്‍ ചേര്‍ന്ന് വാങ്ങിയ ഭൂമി ഷാജി കൈക്കലാക്കിയെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. അഴീക്കോട് മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മതവിശ്വാസം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പ്രചാരണത്തിനു വേണ്ടി ഉപയോഗിച്ചെന്ന പരാതിയില്‍ കെ എം ഷാജിയുടെ നിയമസഭാംഗത്വത്തിനു കോടതി അയോഗ്യത കല്‍പിച്ചിരിക്കുകയാണ്.

illegal acquisition of property: Vigilance court orders probe against KM Shaji


Tags:    

Similar News