വിദ്യാര്‍ഥിനികളുടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമം; മദ്രാസ് ഐഐടിയിലെ അധ്യാപകന്‍ പിടിയില്‍

ശുചിമുറിയില്‍ കാമറ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്

Update: 2020-02-20 08:51 GMT

ചെന്നൈ: മദ്രാസ് ഐഐടിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളി കാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഐഐടി എയറോസ്‌പേസ് എന്‍ജിനീയറിങ് വകുപ്പിലെ അസി. പ്രഫസര്‍ ശുഭം ബാനര്‍ജിയാണ് പിടിയിലായത്. ശുചിമുറിയില്‍ കാമറ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്

കഴിഞ്ഞ ദിവസം ഐഐടി കാംപസില്‍ എയ്‌റോസ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ ലാബിനോട് ചേര്‍ന്നുള്ള സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നാണ് അധ്യാപകന്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചത്. 30കാരിയായ ഗവേഷക വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ കയറിയപ്പോഴാണ് ഭിത്തിയിലെ ദ്വാരത്തില്‍ ഉറപ്പിച്ച നിലയില്‍ കാമറ ശ്രദ്ധയില്‍പെട്ടത്. സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മതിലിന്റെ മറുവശത്തുള്ള പുരുഷന്‍മാരുടെ ശുചിമുറിയില്‍നിന്ന് ആരോ കാമറ മാറ്റി. വിദ്യാര്‍ഥിനി ഉടന്‍ തന്നെ മറുവശത്തുള്ള പുരുഷന്‍മാരുടെ ശുചിമുറിയിലെത്തി ആളെ പിടികൂടുകയായിരുന്നു. ആദ്യം ഇയാള്‍ നിരപരാധിയാണെന്ന് വാദിക്കുകയും പരിശോധനയ്ക്കായി മൊബൈല്‍ നല്‍കുകയും ചെയ്തു. എന്നാല്‍, മൊബൈലില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് യുവതി സുഹൃത്തുക്കളേയും പോലിസിനെയും വിവരമറിയിക്കുകയായിരുന്നു. ഫോണില്‍ വീഡിയോകളോ ഫോട്ടോകളോ ഇല്ലെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചതായി കോട്ടൂര്‍പുരം പോലിസ് പറഞ്ഞു.

ഡിലീറ്റ് ചെയ്ത വീഡിയോകളും ഫോട്ടോകളും വീണ്ടെടുക്കുന്നതിനായി ഫോണ്‍ പോലിസ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Tags:    

Similar News