'വീട്ടില്‍ പണമില്ലെങ്കില്‍ നിങ്ങളത് പൂട്ടിയിടരുത്'; വൈറലായി കള്ളന്‍ കലക്ടര്‍ക്കെഴുതിയ കുറിപ്പ്

മോഷണത്തിന് ശേഷം ഡെപ്യൂട്ടി കളക്ടറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പും എഴുതിവച്ചാണ് കള്ളന്‍ സ്ഥലംവിട്ടത്.

Update: 2021-10-11 06:38 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളന്റെ വിചിത്രമായ ഒരു കുറിപ്പാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മോഷണത്തിന് ശേഷം ഡെപ്യൂട്ടി കളക്ടറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പും എഴുതിവച്ചാണ് കള്ളന്‍ സ്ഥലംവിട്ടത്.

കലക്ടര്‍, വീട്ടില്‍ പണമില്ലെങ്കില്‍ നിങ്ങളത് പൂട്ടിയടരുത് എന്നാണ് കുറിപ്പിലെ വാചകം. തലസ്ഥാന നഗരമായ ഭോപ്പാലില്‍ നിന്ന് 2.5 മണിക്കൂറിന്റെ യാത്ര ദൈര്‍ഘ്യമുള്ള ദേവാസിലെ സിവില്‍ ലൈന്‍ ഏരിയയിലെ ഡെപ്യൂട്ടി കളക്ടര്‍ ത്രിലോചന്‍ ഗൗറിന്റെ ഔദ്യോഗിക വസതിയിലാണ് മോഷണം നടന്നത്. ദേവാസില്‍ അതിസുരക്ഷാമേഖലയില്‍ നടന്ന മോഷണം സുരക്ഷാ ഉദ്യോഗസ്ഥരെ മോഷണം ഞെട്ടിച്ചിരിക്കുകയാണ്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, എസ്പി അടക്കം നിരവധി പ്രമുഖരുടെ വീടുകള്‍ ഉള്ള അതിസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. മോഷണം നടക്കുന്ന സമയത്ത് ത്രിലോചന്‍ ഗൗര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

തിരിച്ചുവീട്ടില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. വീട്ടില്‍ സാധന സാമഗ്രികള്‍ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. 30,000 രൂപയും ഏതാനും സ്വര്‍ണാഭരണങ്ങളും മോഷണം പോയിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്.

ഇതിന് പിന്നാലെയാണ് മോഷ്ടാവ് എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പോലിസ് കണ്ടെടുത്ത.് സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

 

Tags: