രാജ്യത്തെ റോഡുകളിലെ ട്രാഫിക് ജാം സൂചിപ്പിക്കുന്നത് വാഹനവിപണിയിലെ വളര്‍ച്ച: ബിജെപി എംപി

വാഹന വിപണിയില്‍ തളര്‍ച്ചയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നത്. സര്‍ക്കാറിനെ താറടിക്കാന്‍ പ്രതിപക്ഷം ഇല്ലാക്കഥ പറയുകയാണെന്നും അദ്ദേഹം ലോക്സഭാ ചര്‍ച്ചയില്‍ പറഞ്ഞു

Update: 2019-12-05 14:44 GMT

ന്യൂഡൽഹി: രാജ്യത്തെ റോഡുകളിലെ തിരക്കും ട്രാഫിക് ജാമും സൂചിപ്പിക്കുന്നത് വാഹനവിപണിയിലെ വളര്‍ച്ചയെയാണെന്ന് ബിജെപി എംപി. വാഹനവിപണിയില്‍ മാന്ദ്യമുണ്ടെന്നത് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന വാദമാണെന്ന് ഉത്തര്‍പ്രദേശിലെ ബാലിയ എംപി വിരേന്ദ്ര സിങ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

വാഹന വിപണിയില്‍ തളര്‍ച്ചയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നത്. സര്‍ക്കാറിനെ താറടിക്കാന്‍ പ്രതിപക്ഷം ഇല്ലാക്കഥ പറയുകയാണെന്നും അദ്ദേഹം ലോക്സഭാ ചര്‍ച്ചയില്‍ പറഞ്ഞു. രാജ്യത്തെ വാഹന വിപണിയുടെ വളര്‍ച്ച താഴേക്കാണെന്ന് കണക്കുകള്‍ പുറത്തുവരുമ്പോഴാണ് എംപിയുടെ വാദം.

ഈ ആഴ്ചയില്‍ ആദ്യം മാരുതി സുസുകി ഇന്ത്യ നംവബറില്‍ 3.3 ശതമാനം വില്‍പന കുറഞ്ഞതായി റിപോര്‍ട്ട് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഇരുചക്രവാഹന വിപണിയില്‍ 13.87 ശതമാനം ഇടിവുണ്ടായതായി ബജാജ് ഓട്ടോയും റിപോര്‍ട്ട് പുറത്തിറക്കി. യാത്രാ വാഹനങ്ങളുടെ വില്‍പനയില്‍ കഴിഞ്ഞ മാസം 23.69 ശതമാനമാണ് ഇടിവുണ്ടായത്.

Similar News