മോദി, സത്യസന്ധമായി തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി 40സീറ്റ് നേടില്ല: രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ്

നോട്ടുനിരോധനത്തെയും മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും പക്വതയില്ലാത്ത സാമ്പത്തിക നയങ്ങളെയും രൂക്ഷമായാണ് അജയ് അഗര്‍വാള്‍ വിമര്‍ശിച്ചത്.

Update: 2019-04-15 12:08 GMT
ന്യൂഡല്‍ഹി: രാജ്യത്ത് സത്യസന്ധമായ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നാല്‍പ്പതിലധികം സീറ്റുകള്‍ നേടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അജയ് അഗര്‍വാള്‍. രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മോദിക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാന്‍ കാരണം തന്റെ സമയോചിതമായ ഇടപെടലാണെന്നും എന്നാല്‍, മോദി തന്നോട് നന്ദി കാട്ടിയില്ലെന്നും അജയ് പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ മണി ശങ്കര്‍ അയ്യറുടെ വീട്ടില്‍ വച്ച് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും മന്‍മോഹന്‍ സിങും പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ വിവരം താനാണ് പുറത്തുവിട്ടത്. താനങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ബിജെപി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമായിരുന്നു- അജയ് പറയുന്നു.

പ്രസ്തുത കൂടിക്കാഴ്ച രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് മോദി തിരഞ്ഞെടുപ്പ് റാലികളില്‍ നിരന്തരം പറയുമായിരുന്നെന്നും അത് ബിജെപിയെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സഹായിച്ചതായി അജയ് കൂട്ടിച്ചേര്‍ത്തു. മോദിയെ എനിക്ക് 28 വര്‍ഷത്തെ പരിചയമുണ്ട്. എന്നാല്‍ തന്നോടുള്ള മനോഭവത്തില്‍ ഇരട്ടത്താപ്പ് വച്ചു പുലര്‍ത്തുന്നതായി തോന്നിയിട്ടുണ്ട്- അജയ് പറയുന്നു.

നോട്ടുനിരോധനത്തെയും മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും പക്വതയില്ലാത്ത സാമ്പത്തിക നയങ്ങളെയും രൂക്ഷമായാണ് അജയ് അഗര്‍വാള്‍ വിമര്‍ശിച്ചത്. മോദി പാര്‍ട്ടി അണികളെ അടിമകളെ പോലെയാണ് കണക്കാക്കുന്നതെന്നും തങ്ങള്‍ ദിവസം 24 മണിക്കൂറും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ക്ക് മതിയായ ബഹുമാനം ലഭിക്കുന്നല്ലെന്നും അജയ് പറയുന്നു. നോട്ടുനിരോധനത്തിന്റെ മറവില്‍ നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി താന്‍ മോദിക്ക് നിരവധി കത്തുകള്‍ എഴുതിയിരുന്നു. എന്നാല്‍, അവയൊന്നും അന്വേഷിക്കാതെ മോദി തന്റെ രോഷം പുറത്തു കാണിക്കുന്ന തിരിക്കിലായിരുന്നെന്നും അജയ് കുറ്റപ്പെടുത്തി.

2014ല്‍ റായ്ബറേലിയില്‍ നിന്ന് സോണിയാ ഗാന്ധിക്കെതിരെ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥിയായിരുന്നു അജയ് അഗര്‍വാള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്നും മല്‍സരിച്ച് അജയ് ആണ് ബിജെപിക്ക് ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തില്‍ നിന്നും ഏറ്റവും അധികം വോട്ടുകള്‍ നേടിക്കൊടുത്തത്. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തെ റായ്ബറേലിയില്‍ നിന്നും മല്‍സരിപ്പിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.

1,73,721 വേട്ടുകളാണ് 2014ല്‍ അജയ് റായ്ബറേലിയില്‍ നിന്ന് നേടിയത്. എന്നാല്‍, ഈ വര്‍ഷം റായ്ബറേലിയിലെ സ്ഥാനാര്‍ഥിക്ക് 50000 വോട്ടുകള്‍ പോലും ലഭിക്കില്ലെന്നാണ് അജയ് അഗര്‍വാളിന്റെ വിലയിരുത്തല്‍.